പരാതിക്കാരൻ പുതുതായി നിർമിക്കുന്ന വീട്ടിൽ നിർമാണപ്രവൃത്തികൾക്കായി വൈദ്യുതി കണക്‌ഷൻ ലഭിക്കുന്നതിന് മേയ് രണ്ടാംവാരം ഓൺലൈനായി അപേക്ഷ നൽകിയിരുന്നു. അപേക്ഷ നൽകി രണ്ടുദിവസത്തിനുശേഷം മുട്ടിൽ കെഎസ്ഇബി ഓഫീസിൽനിന്ന് ഓവർസിയറെത്തി സ്ഥലം പരിശോധനയും നടത്തി. വൈദ്യുതി കണക്‌ഷന് ഫീസ് അടയ്ക്കാനും നിർദേശിച്ചു.
12-ന് പരാതിക്കാരൻ 3,914 രൂപ മുട്ടിൽ കെഎസ്ഇബി ഓഫീസിൽ അടച്ചു. തുടർന്ന് വൈദ്യുതി കണക്‌ഷനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഓവർസിയർ ചെല്ലപ്പനെ നേരിൽ കാണണമെന്ന് ഓഫീസിലുള്ളവർ അറിയിക്കുകയും ചെയ്തു. ഇതുപ്രകാരം പരാതിക്കാരൻ ചെല്ലപ്പനെ നേരിൽ കണ്ടെങ്കിലും മീറ്റർ സ്റ്റോക്കില്ലെന്ന് പറയുകയും അടുത്തദിവസം വരാനും ആവശ്യപ്പെട്ട് തിരിച്ചയച്ചു.
advertisement
13-ന് പരാതിക്കാരൻ വീണ്ടും എത്തിയപ്പോൾ കാണേണ്ട വിധത്തിൽ തന്നെക്കണ്ടാൽ പ്രയോറിറ്റി ലിസ്റ്റിൽ ഉൾപ്പെടുത്തി ഉടനെ കണക്‌ഷൻ നൽകാമെന്നും അതിന് 10,000 രൂപ കൈക്കൂലിയായി നൽകണമെന്നും ചെല്ലപ്പൻ ആവശ്യപ്പെട്ടു. കൈക്കൂലി നൽകിയില്ലെങ്കിൽ സീനിയോറിറ്റി പ്രകാരമേ വൈദ്യുതി കണക്‌ഷൻ തരാൻ സാധിക്കുകയുള്ളുവെന്നും ചെല്ലപ്പൻ അറിയിച്ചു. ഈ വിവരം പരാതിക്കാരൻ വയനാട് വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ടിനെ അറിയിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30-ന് മുട്ടിൽ പഞ്ചായത്ത് ബസ് സ്റ്റാൻഡിൽ വെച്ച് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം ചെല്ലപ്പനെ അറസ്റ്റു ചെയ്യുകയായിരുന്നു. ചെല്ലപ്പനെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.