കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. വെള്ളിയാഴ്ചയാണ് പീഡനവിവരം പുറത്തുവന്നത്. ബലാത്സംഗത്തിനിരയായെന്ന് കാണിച്ച് യുവതി കഴക്കൂട്ടം പോലീസിൽ പരാതി നൽകുകയായിരുന്നു. കഴക്കൂട്ടത്ത് പേയിങ് ഗസ്റ്റായി താമസിച്ചു വരികയായിരുന്നു ഇവർ. പുലർച്ചെ രണ്ട് മണിക്ക് വീട്ടിൽ അതിക്രമിച്ച് കയറിയ ഒരാൾ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി. ഇരുട്ടായിരുന്നതിനാൽ പ്രതിയുടെ മുഖം വ്യക്തമായി കണ്ടിരുന്നില്ലെന്നും യുവതി മൊഴി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പരിസര പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തമിഴ്‌നാട് സ്വദേശിയെ കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്ത് എത്തിച്ച ശേഷം പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
advertisement
സംഭവത്തിന് പിന്നാലെ കഴക്കൂട്ടത്തും പരിസരപ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കിയതായി അസിസ്റ്റന്റ് കമ്മീഷണർ പി. അനിൽ കുമാർ അറിയിച്ചു. ടെക്‌നോപാർക്കിന് ചുറ്റും 750-ൽ അധികം പേയിങ് ഗസ്റ്റ് ഹോസ്റ്റലുകൾ പ്രവർത്തിക്കുന്നുണ്ടെന്നും, സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് ശക്തമായ നടപടി സ്വീകരിക്കുമെന്നും അസിസ്റ്റന്റ് കമ്മീഷണർ വ്യക്തമാക്കി. സ്ത്രീകൾക്കെതിരെ അശ്ലീല ആംഗ്യങ്ങൾ കാണിക്കുന്നത്, പെൺകുട്ടികളുടെ വസ്ത്രം മോഷ്ടിക്കുന്നത് തുടങ്ങിയ സംഭവങ്ങൾ മുമ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ധാരാളം സ്ത്രീകൾ കഴക്കൂട്ടത്തും പരിസരത്തും താമസിക്കുന്ന സാഹചര്യത്തിൽ ഹോസ്റ്റലുകളിലെ അടക്കം സുരക്ഷ ഓഡിറ്റ് ചെയ്യണമെന്ന ആവശ്യവുമായി ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയും രംഗത്തെത്തിയിട്ടുണ്ട്.