ആലപ്പുഴയിൽ വാടയ്ക്കലിൽ മഹിളാ കോൺഗ്രസ് നേതാവിനെ 17 കാരിയായ മകൾ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മകൾക്കെതിരെ കേസെടുത്തു. പിതാവിന്റെ മൊഴിയുടെ അടിസ്ഥനത്തിലാണ് മകൾക്കെതിരെ പൊലീസ് കേസെടുത്തത്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിട്ടുള്ളത്. വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചത് വൃത്തിയാക്കാൻ പറഞ്ഞതിനെത്തുടർന്നായിരുന്നു അമ്മയെ മകൾകുത്തിപ്പരിക്കേൽപ്പിച്ചത് എന്നാണ് പിതാവിന്റെ മൊഴി.
ബുധനാഴ്ചയായിരുന്നു സംഭവം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമ്മ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കഴുത്തിന് പരിക്കേറ്റ ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
advertisement
മൊബൈൽ ഫോൺ ഉപയോഗത്തിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്നായിരുന്നു മകൾ അമ്മയെ കുത്തിപ്പരിക്കേൽപ്പിച്ചത് എന്നാണ് ആദ്യം പുറത്തുവന്ന വിവരം. പിന്നീടാണ് വീടിന്റെ തറയിൽ നായ മൂത്രമൊഴിച്ചത് കഴുകാൻ പറഞ്ഞതിനെത്തുടർന്നാണ് മകൾ അമ്മയെ അക്രമിച്ചതെന്ന് പിതാവ് മൊഴി നൽകിയത്. പെൺകുട്ടി നിലവിൽ സഖി ഷെൽട്ടർ ഹോമിലാണ്. പോലീസ് അന്വേഷണം തുടരുകയാണ്.