തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന കൊലപാതക കേസിലെ പ്രതികൾക്ക് കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവ എത്തിക്കുവാൻ ശ്രമിച്ചയാൾ ആണ് പോലീസ് പിടിയിലായത്. മങ്കട ആയിരനാഴിപ്പടിയിലുള്ള മുരിങ്ങാപറമ്പിൽ വീട്ടിൽ, ബിജേഷ് (29) ആണ് പിടിയിലായത്. മങ്കട സി ഐ വിഷ്ണു, എസ് ഐ ഉദയൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ബിജേഷിനെ അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച രാത്രി 11 മണിയോടെ ആയിരനാഴിപ്പടി വെച്ച് വാഹന പരിശോധനക്കിടെ ആണ് പ്രതി പിടിയിലായത്. ഇയാളുടെ കാറിൽ നിന്ന് കഞ്ചാവും, ഹാഷിഷ് ഓയിലും കണ്ടെത്തി.
advertisement
പ്രതിയെ കൂടുതൽ ചോദ്യം ചെയ്തപ്പോൾ ആണ് കാര്യങ്ങള് വ്യക്തമായത്. എടവണ്ണ കൊലപാതക കേസിൽ ഉൾപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതികൾക്ക് വേണ്ടിയാണ് ഇയാൾ മയക്ക് മരുന്ന് കടത്തിയത്. മയക്കുമരുന്ന് ജയിൽ എത്തിക്കുന്നത് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി വഴി ആണ്. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രാൻസ്ജെൻസ് ശുചിമുറിയിൽ മയക്ക് മരുന്ന് ഒളിപ്പിച്ച് വെക്കും. ഒളിപ്പിച്ച ഈ മയക്കുമരുന്ന് അസുഖമെന്ന വ്യാജേന ജയിലിൽ നിന്നും ഹോസ്പിറ്റലിൽ എത്തിക്കുന്ന പ്രതികൾ കൈകലാക്കി ജയിലിലേക്ക് കൊണ്ടുപോവുകയുമാണ് പതിവ്. പ്രതികൾക്ക് മയക്ക് മരുന്ന് കൈമാറുന്നതിന് വേണ്ടി കൊലപാതക കേസിലെ പ്രതി അനസ് കാർ തനിക്ക് നൽകിയതാണെന്നും പ്രതി പോലീസിനോട് സമ്മതിച്ചു.
Also Read- മാവേലിക്കരയിൽ ആറുവയസുകാരിയായ മകളെ കൊന്ന പ്രതി ജീവനൊടുക്കാൻ ശ്രമിച്ചു
ജയിൽ കഴിയുന്ന പ്രതികൾക്ക് ലഹരി വസ്തുകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ കൈമാറുന്ന മാഫിയയെ കുറിച്ച് കൂടുതൽ വിവരം ലഭിച്ചിട്ടുണ്ടെന്നും, ഇക്കാര്യത്തെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും മങ്കട സി ഐ വിഷ്ണു അറിയിച്ചു.
അന്വേഷണ സംഘത്തിൽ എ എസ് ഐ ഫൈസൽ കപ്പൂർ, സി പി ഒ അംബിക, പോലീസുകരായ സുഹൈൽ, സുജിത്ത്. നവീൻ, അനീഷ് വി ആർ, റീന എന്നിവരും ഉണ്ടായിരുന്നു.