ഏപ്രിൽ 13ന് പുലർച്ചെ 1.30ഓടെയാണ് പ്രവാസി വ്യവസായി മണപ്പറമ്പിൽ രാജീവിന്റെ ബിയ്യത്തുള്ള വീട്ടിൽ കവർച്ച നടന്നത്. 350 പവനാണ് മോഷണം പോയതെന്നായിരുന്നു പ്രാഥമിക നിഗമനം. വിദേശത്തായിരുന്ന വീട്ടുകാരെത്തി പരിശോധിച്ചപ്പോഴാണ് 550 പവനോളം മോഷണംപോയതായി കണ്ടെത്തിയത്. സിസിടിവിയുടെ ഡിവിആർ, വിലകൂടിയ നാല് കുപ്പി വിദേശമദ്യം എന്നിവയും മോഷ്ടാക്കൾ കവർന്നിരുന്നു.
ആദ്യം മോഷ്ടാക്കളെ കുറിച്ച് യാതൊരു സൂചനയുമില്ലാതിരുന്ന കേസിൽ 8 മാസത്തോളമെടുത്താണ് പ്രതികളെ പൊലീസ് പിടികൂടിയത്. തൃശൂർ വാടാനപ്പള്ളി സ്വദേശിയും പൊന്നാനി കരിമ്പനയിൽ താമസക്കാരനുമായ രായർമരക്കാർ വീട്ടിൽ സുഹൈൽ (46), പൊന്നാനി കടവനാട് മുക്രിയകം കറുപ്പംവീട്ടിൽ നാസർ (48), പാലക്കാട് കാവശ്ശേരി പാലത്തൊടി മനോജ് (41) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
advertisement
കേസിലെ ഒന്നാം പ്രതിയായ സുഹൈലിന്റെ ആദ്യ ഭാര്യ താമസിക്കുന്ന തൃശൂർ പെരിങ്ങോട്ടുകരയിലെ വാടകവീടിന്റെ തറയോടുചേർന്ന് കുഴിച്ചിട്ട നിലയിലാണ് സ്വർണം കണ്ടെത്തിയത്. പ്ലാസ്റ്റിക് പാത്രത്തിൽ ഇൻസുലേഷൻ ടേപ്പ് ഒട്ടിച്ച് രണ്ടു പൊതികളിലായാണ് രണ്ടരക്കിലോ സ്വർണം സൂക്ഷിച്ചിരുന്നത്. കുഴിച്ചിട്ട സ്വർണാഭരണങ്ങൾക്കുപുറമേ ഉരുക്കി കട്ടിയാക്കി വിറ്റ സ്വർണവും പൊലീസ് പിടിച്ചെടുത്തു.
ഒളിപ്പിച്ച സ്വർണം പൊലീസിന് കാണിച്ചുകൊടുക്കാതിരിക്കാൻ പ്രതികൾ പല അടവുകളും പയറ്റിയിരുന്നു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളുടെ വാദങ്ങളെ പൊലീസ് പൊളിച്ചടുക്കി. എട്ടു മാസമെടുത്താണ് പ്രതികളെ പിടികൂടിയതെങ്കിലും അഞ്ച് ദിവസംകൊണ്ട് മോഷണമുതൽ ഏതാണ്ട് മുഴുവനായി കണ്ടെത്താനായത് പൊലീസിന് അഭിമാനമായി.
സ്വർണം കൊടുവള്ളിയിൽ കൊണ്ടുപോയി ഉരുക്കി കോട്ടയ്ക്കൽ ചട്ടിപ്പറമ്പിലുള്ള ഒരു ജൂവലറിയിൽ വിൽക്കുകയായിരുന്നു. നിരന്തരം കേസുകളിൽ പ്രതിയാകുന്ന സുഹൈലിനെ ജാമ്യത്തിലെടുക്കാനും മറ്റും സഹായിക്കുകയും ആഭരണങ്ങൾ വിൽക്കാൻ സഹായിക്കുകയും ചെയ്തിരുന്ന ആദ്യ ഭാര്യ നൂർജയെയും മകൾ ഷഹലയെയും ചോദ്യംചെയ്തതിൽ മകൾക്ക് മോഷണസ്വർണം വിറ്റതിൽനിന്ന് 10 ലക്ഷം രൂപ കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ചതാണ് തൊണ്ടിമുതൽ കണ്ടെടുക്കുന്നതിന് വഴിത്തിരിവായത്.
ജില്ലാ പൊലീസ് മേധാവി ആർ വിശ്വനാഥിന്റെ നേതൃത്വത്തിൽ തിരൂർ ഡിവൈഎസ്പി ഇ ബാലകൃഷ്ണൻ, പൊന്നാനി പൊലീസ് ഇൻസ്‌പെക്ടർ ജലീൽ കറുത്തേടത്ത്, പോത്തുകല്ല് പൊലീസ് ഇൻസ്‌പെക്ടർ ദീപകുമാർ, തിരൂർ ഇൻസ്‌പെക്ടർ കെ ജി ജിനേഷ്, പൊന്നാനി എസ് ഐ ആർ യു അരുൺ, പൊന്നാനി പൊലീസ് സ്റ്റേഷനിലെ ക്രൈം സ്‌ക്വാഡ് അംഗങ്ങൾ, തിരൂർ, കൊണ്ടോട്ടി, നിലമ്പൂർ, മലപ്പുറം, പെരിന്തൽമണ്ണ സബ് ഡിവിഷനുകളിലെ ഡാൻസാഫ് അംഗങ്ങൾ, തിരൂർ ഡിവൈഎസ്പി ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥർ എന്നിവരാണ് കേസന്വേഷണത്തിലുണ്ടായിരുന്നത്.