എറണാകുളം പട്ടിമറ്റം സ്വദേശികളായ അസ്ലം സിദ്ദിഖും ചാൾസ് റജിയും 2 സഹപ്രവർത്തകരുമാണ് ആക്രമണത്തിനിരയായത്. കോയമ്പത്തൂർ മധുക്കര സ്റ്റേഷൻ പരിധിയിലെ എൽ ആൻഡ് ടി ബൈപ്പാസിനു സമീപമായിരുന്നു ആക്രമണം. ബെംഗളൂരുവിൽ നിന്ന് കമ്പനിയിലേക്കുള്ള കംപ്യൂട്ടറുകൾ വാങ്ങിയ ശേഷം മടങ്ങിവരുകയായിരുന്നു യുവാക്കൾ.
റെഡ് സിഗ്നലിൽ വാഹനം നിർത്തിയപ്പോഴായിരുന്നു വാളുകളുമായി സംഘത്തിന്റെആക്രമണം. അക്രമികൾ ഉപദ്രവിച്ചെങ്കിലും ഇതിനിടെ അതിവേഗം കാറോടിച്ച് യുവാക്കൾ രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ചെക്പോസ്റ്റിലും മധുക്കര പൊലീസ് സ്റ്റേഷനിലുമെത്തി ഇവർ പരാതി നൽകി. ആക്രമണത്തിന്റെ ദൃശ്യങ്ങൾ കാറിന്റെ ഡാഷ് ക്യാമിൽ പതിഞ്ഞിട്ടുണ്ട്.
advertisement
സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് ചിറ്റൂർ സ്വദേശികളായ ശിവദാസ് (29), രമേഷ് ബാബു (27), കുന്നത്തുപാളയം സ്വദേശി വിഷ്ണു (28), മല്ലപ്പള്ളി അജയ് കുമാർ (24) എന്നിവരെ മധുക്കര പൊലീസ് അറസ്റ്റുചെയ്തു. കഴിഞ്ഞദിവസം പാലക്കാടു നിന്നാണ് ഇവർ അറസ്റ്റിലായത്. പ്രതികളെ റിമാൻഡ് ചെയ്തിട്ടുണ്ട്. മറ്റു പ്രതികൾ ഒളിവിലാണ്.
പ്രതികളിലൊരാളായ വിഷ്ണു മദ്രാസ് റജിമന്റിൽ സൈനികനാണ്. ജൂൺ നാലിന് അവധിക്ക് നാട്ടിൽ വന്നശേഷം ഇയാൾ തിരിച്ചുപോയിട്ടില്ല. കുഴൽപ്പണവുമായി വരുന്നവരെന്ന് തെറ്റിദ്ധരിച്ചാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. KL47 D 6036, KL 42 S 3960 എന്നീ നമ്പറുകളിലുള്ള രണ്ട് കാറുകളും പിടിച്ചെടുത്തു.