മധ്യപ്രദേശിലെ ബര്‍ഹാന്‍പൂര്‍ ജില്ലയിലെ ഖക്‌നര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനുകീഴിലുള്ള മോര്‍ച്ചറിയില്‍ സൂക്ഷിച്ച സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ഒന്നര വര്‍ഷം മുമ്പ് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുത്തുവന്നതോടെയാണ് 25-കാരന്‍ നിലേഷ് ഭിലാലയെ പോലീസ് അറസ്റ്റ് ചെയ്തത്.
2024 ഏപ്രില്‍ 18-നാണ് സംഭവം നടന്നത്. മോര്‍ച്ചറിക്കുള്ളില്‍ അതിക്രമിച്ചുകയറിയ പ്രതി സ്ത്രീയുടെ മൃതദേഹത്തെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. അജ്ഞാതന്‍ മോര്‍ച്ചറിയില്‍ അതിക്രമിച്ചു കടന്നതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭൗരാഘട്ട് പ്രദേശത്തെ താന്‍ജിയപാട്ട് ഗ്രാമത്തില്‍ നിന്നുള്ള നിലേഷ് ഭിലാലയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്.
advertisement
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സ്‌ട്രെച്ചറില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം താഴേക്ക് വലിച്ചിട്ട ശേഷം പ്രതി വലിച്ചിഴച്ചുകൊണ്ടുപോകുന്നത് ദൃശ്യങ്ങളില്‍ കാണാം. സിസിടിവിയില്‍ കാണാത്ത സ്ഥലത്തേക്ക് മൃതദേഹം കൊണ്ടുപോയി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
ഈ മാസം ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആദിയ ദവാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു.
സംഭവത്തില്‍ പ്രതിക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം പോലീസ് കേസെടുത്തിട്ടുണ്ടെന്ന് ഫ്രീ പ്രസ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടതായി ഖക്‌നര്‍ പോലീസ് സ്‌റ്റേഷന്റെ ചുമതലയുള്ള അഭിഷേക് ജാദവ് പ്രസ്താവനയില്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ കുറ്റം ചുമത്തണോ എന്ന കാര്യത്തില്‍ അന്വേഷണം നടക്കുന്നതായും അദ്ദേഹം അറിയിച്ചു. പ്രതിക്ക് എങ്ങനെ മോര്‍ച്ചറിയില്‍ പ്രവേശിക്കാനായി എന്നതിനെ കുറിച്ചും അന്വേഷണം നടക്കുന്നതായാണ് വിവരം.
അതേസമയം, സർക്കാർ സംവിധാനത്തിനു കീഴിലുള്ള മോര്‍ച്ചറിയില്‍ കയറി മൃതദേഹത്തെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഞെട്ടലുണ്ടാക്കി. സര്‍ക്കാര്‍ ആരോഗ്യ കേന്ദ്രങ്ങളിലെ സുരക്ഷയെ കുറിച്ച് ഇത് ചോദ്യങ്ങള്‍ ഉയര്‍ത്തി.