ലണ്ടനിൽ നടന്ന ടി20 ലോകകപ്പ് വിജയിച്ച ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റൻ ആണെന്ന് അവകാശപ്പെട്ടാണ് വിനോദ് ബാബു മുഖ്യമന്ത്രിയേയും കായികമന്ത്രിയേയും തെറ്റിദ്ധരിപ്പിച്ചത്. വ്യാജട്രോഫിയും ഇയാൾ സംഘടിപ്പിച്ചിരുന്നു.പിന്നോക്ക വികസന വകുപ്പ് മന്ത്രി രാജകണ്ണപ്പനാണ് ആദ്യം ഇയാളെ അഭിനന്ദിക്കാനെത്തിയത്.
advertisement
“കഴിഞ്ഞ ആറ് വർഷമായി ഞാൻ ക്രിക്കറ്റ് കളിക്കുന്നു. പാക്കിസ്ഥാനിൽ നടന്ന ഏഷ്യാ കപ്പായിരുന്നു എന്റെ ആദ്യ പരിപാടി. എന്റെ കഴിവ് കണ്ടാണ് ടീമിനെ നയിക്കാൻ അവസരം ലഭിച്ചത്. കഴിഞ്ഞ ഡിസംബറിലാണ് എന്നെ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ഏഷ്യാ കപ്പിൽ 20 ടീമുകൾ പങ്കെടുത്ത് ഞങ്ങൾ കപ്പ് നേടി. അടുത്തിടെ ലണ്ടനിൽ ടി20 ലോകകപ്പ് നടന്നു, ഏഷ്യാ കപ്പിന് സമാനമായി, അവിടെ പോയി കപ്പ് നേടുന്നതിന് പലരും സാമ്പത്തികമായി എന്നെ പിന്തുണച്ചു. 20 ഓളം ടീമുകൾ ഇതിൽ പങ്കെടുത്തു. ഓസ്‌ട്രേലിയയിലെ മെൽബണിൽ നടന്ന ഫൈനലിൽ പാക്കിസ്ഥാനെയാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. എനിക്ക് സർക്കാർ ജോലി നൽകണമെന്നാണ് എന്റെ ആവശ്യം,” ഇന്ത്യയുടെ വീൽചെയർ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനാണ് താനെന്ന് മുഖ്യമന്ത്രിയെ കണ്ടതിന് ശേഷം ബാബു മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് ബാബുവിന്റെ യോഗ്യത സംബന്ധിച്ച ആരോപണങ്ങൾ ഉയർന്നത്. ഇതിന് പിന്നാലെ രാമനാഥപുരം പൊലീസ് വിനോദിനെതിരെ ഐപിസി 406,420 വകുപ്പുകൾ പ്രകാരം വഞ്ചനക്ക് കേസെടുത്ത് അറസ്റ്റ് ചെയ്തു. ലണ്ടൻ ലോകകപ്പ് എന്ന പേരിൽ വ്യാജ ഇവന്റിനായി തിരഞ്ഞെടുത്ത കളിക്കാരുടെ പട്ടികയുമായി വീൽചെയർ ക്രിക്കറ്റ് ഇന്ത്യ അസോസിയേഷന്റെ പേരിൽ ഒരു കത്ത് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ ഇത് വ്യാജമാണെന്ന് അസോസിയേഷൻ വ്യക്തമാക്കിയിരുന്നു.