കണ്ണൂരിൽ വൃക്ക നൽകാമെന്ന് വാഗ്ദാനം നൽകി രോഗികളിൽ നിന്നു ലക്ഷങ്ങൾ തട്ടിയ യുവാവ് പിടിയിൽ.കീഴ്പ്പള്ളി വീർപ്പാട് വേങ്ങശേരി ഹൗസിൽ വി.എം.നൗഫലാണ് (32) പിടിയിലായത്. ആയിപ്പുഴ ഫാത്തിമ മൻസിൽ ഷാനിഫിന്റ (30) പരാതിയിലാണ് ആറളം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
advertisement
ഷാനിഫിന്റെ വൃക്ക മാറ്റിവയ്ക്കുന്നതിന് ഡോണറെ സംഘടിപ്പിച്ചു നൽകാമെന്ന് പറഞ്ഞാണ് പണം തട്ടിയത്. 2024 ഡിസംബർ മുതൽ കഴിഞ്ഞ ഒക്ടോബർ വരെ 6 ലക്ഷം രൂപ നൗഫൽ തട്ടിയെടുത്തെന്നാണ് പരാതി. ഇത്തരത്തിൽ നിരവധി പേരെ നൗഫൽ ഉൾപ്പെട്ട സംഘം തട്ടിപ്പിനിരയാക്കിയിട്ടുണ്ടെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ
വൃക്ക ആവശ്യമുണ്ടെന്ന് മാധ്യമങ്ങളിൽ വരുന്ന പരസ്യങ്ങളും മറ്റും കണ്ടാണ് തട്ടിപ്പ് സംഘം ആളുകളെ ബന്ധപ്പെടുന്നത്. ഡോണർ ഉണ്ടെന്ന് ഇവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്യും. മലപ്പുറം തിരൂർ സ്വദേശി സി.നബീൽ അഹമ്മദ്, ചമ്രവട്ടം സ്വദേശി എം.വി.സുലൈമാൻ, പാപ്പിനിശേരി സ്വദേശി ഷുക്കൂർ എന്നിവരിൽ നിന്ന് 5 ലക്ഷം രൂപ വീതവും കണ്ണൂർ പഴയങ്ങാടി സ്വദേശഇ എം.കെ.ഹൗസിൽ ഇബ്രാഹിമിൽ നിന്ന് 1.75 ലക്ഷം രൂപയും ഇത്തരത്തിൽ ഈ സംഘം തട്ടിയെടുത്തതായും പരാതിയുണ്ട്.
സംസ്ഥാനത്തെ മറ്റ് സ്ഥലങ്ങളിലും പലരും ഇത്തരത്തിൽ തട്ടിപ്പിനിരയായതായാണ് വിവരം. സംഘത്തിലെ മറ്റുള്ളവർക്കായി പൊലീസ് അന്വേഷണം ഉർജിതമാക്കിയിട്ടുണ്ട്.
