സംഭവത്തിനുശേഷം എട്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞ ഇയാളെ പിടികൂടുന്നതിനിടെ പൊലീസിന് നേരെ ആക്രമണമുണ്ടായി. പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ ബിനീഷ് കുമാർ എസ്.ഐ ഉൾപ്പെടെ നാല് പൊലീസുകാരെ ആക്രമിച്ചു. എസ്.ഐ കെ. ഷിജു, സിവിൽ പൊലീസ് ഓഫീസർമാരായ ബി. അബ്ദുൽ നാസർ, എം. കൃഷ്ണനുണ്ണി, ഹരിദാസ് എന്നിവർക്കാണ് പരിക്കേറ്റത്.
കഴിഞ്ഞ മാർച്ച് 12-ന് കൊഴിഞ്ഞാമ്പാറ കല്ലാണ്ടിച്ചള്ളയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോത്സ്യനെ കബളിപ്പിച്ച് വീട്ടിലെത്തിച്ച ശേഷം പീഡിപ്പിക്കാൻ ശ്രമിക്കുകയും ദൃശ്യങ്ങൾ പകർത്തി പണം ആവശ്യപ്പെടുകയുമായിരുന്നു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് മൈമുന, എസ്. ശ്രീജേഷ്, എം. രഞ്ജിത്ത്, സരിത, പ്രഭു, അപർണ പുഷ്പൻ, പി. പ്രശാന്ത്, എം. ജിതിൻ, എൻ. പ്രതീഷ്, വി. പ്രശാന്ത് എന്നിവർ നേരത്തെ പിടിയിലായിരുന്നു. ബിനീഷ് കുമാറിൻ്റെ അറസ്റ്റോടെ ഈ കേസിൽ ആകെ 11 പേർ പിടിയിലാവുകയും മുഴുവൻ പ്രതികളും വലയിലാവുകയും ചെയ്തു.
നിരവധി കവർച്ചാ കേസുകളിൽ പ്രതിയായ ബിനീഷ് കുമാറിനെ ചിറ്റൂർ ഡിവൈഎസ്പി പി. അബ്ദുൽ മുനീറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
