ഉച്ചയ്ക്ക് ഓഫീസിനുള്ളിൽ മറ്റു ജീവനക്കാരുടെ മുന്നിൽ വെച്ചാണ് സംഭവം. കള്ളക്കേസിൽ കുടുക്കിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. ജീവനക്കാർ ഉടൻ പ്രതിയെ പിടിച്ചുമാറ്റി. മായാദേവിയുടെ കഴുത്തിന് താഴെ ആഴത്തിലുള്ള മുറിവുണ്ട്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ കെഎസ്എഫ്ഇ കളർകോട് ശാഖയിൽ പണം അടക്കാനെത്തിയതായിരുന്നു മായ. ജീവനക്കാരിയുമായി സംസാരിച്ച് നിൽക്കുന്നതിനിടെ സ്ഥാപനത്തിലേക്ക് അതിക്രമിച്ച് കടന്നെത്തിയ യുവാവ് മായയെ പിന്നിൽനിന്നും വെട്ടുകയായിരുന്നു. ഇതിനിടെ ഇയാളുടെ കൈയിൽ നിന്നും ആയുധം തെറിച്ചുപോയി. വീണ്ടും ആയുധം എടുക്കാൻ ശ്രമിക്കുന്നതിനിടെ കെഎസ്എഫ്ഇ ജീവനക്കാർ ഓടിയെത്തി ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.
advertisement
സംഭവവുമായി ബന്ധപ്പെട്ട് മായയുടെ സഹോദരീ ഭർത്താവ് കളരിക്കൽ ശ്രീവിഹാറിൽ സുരേഷ് ബാബുവിനെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. സുരേഷ് ബാബു മദ്യപിച്ച് ഭാര്യ അശ്വതിയെ ഉപദ്രവിക്കുക പതിവായിരുന്നു. വിവാഹ ബന്ധം വേർപെടുത്താൻ നിയനടപടികൾ സ്വീകരിച്ചശേഷം കഴിഞ്ഞ ഒരു വർഷമായി അശ്വതി കുട്ടികളുമൊത്ത് കളർകോടുള്ള സ്വന്തം വീട്ടിലാണ് താമസം. അതിനിടെ നാലാം ക്ലാസ് വിദ്യാർഥിയായ മകനെ കൂട്ടികൊണ്ടുപോകാൻ സുരേഷ് ബാബു ശ്രമിച്ചിരുന്നു.
തിങ്കളാഴ്ച പകൽ സ്കൂളിൽ ചെന്നിരുന്നെങ്കിലും സുരേഷിനെ കുറിച്ചുള്ള വിവരം അറിയാവുന്നതിനാൽ അധികൃതർ വിട്ടില്ല. മായയെ കൊലപ്പെടുത്തുമെന്ന് പറഞ്ഞാണ് അവിടെ നിന്നും ഇയാൾ കെഎസ്എഫ്ഇ ശാഖയിലെത്തുന്നത്.