പിണങ്ങിപ്പോയ ഭാര്യയെ തിരികെ കൊണ്ടു വരുന്നതിനായി 'സ്നേഹ മന്ത്രം' ചെയ്യാൻ ഒരാളെ ഓൺലൈനിൽ തിരഞ്ഞതായി യുവാവ് സമ്മതിച്ചു. അങ്ങനെയാണ് ആത്മീയ ചികിത്സക എന്ന് പരിചയപ്പെടുത്തിയ ഈ മന്ത്രവാദിനിയെ ലഭിച്ചത്. പ്രിയപ്പെട്ടവരെ തിരികെ കൊണ്ടുവരുന്നതിൽ വിദഗ്ധയാണെന്ന് യുഎയ്ക്ക് പുറത്ത് ഒരു അറബ് രാജ്യത്ത് താമസിക്കുന്ന ഈ സ്ത്രീ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചിരുന്നു. അവരുമായി ഇയാൾ ബന്ധപ്പെട്ടു. വാട്സ്ആപ്പ് വഴി അവരുമായി ആശയവിനിമയം നടത്തി 20,000 ദിർഹം നൽകാൻ സമ്മതിച്ചു. ഇതിനു പുറമെ ഭാര്യയുടെ സ്വകാര്യ ചിത്രങ്ങളും സ്വന്തം വിഡിയോയും ഇരുവരുടെയും ഫോൺ നമ്പറുകളും അവർക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ മന്ത്രവാദിനി 25,000 ദിർഹം കൂടി ആവശ്യപ്പെട്ടപ്പോൾ യുവാവ് വിസമ്മതിച്ചു.
advertisement
പണം കിട്ടാതെ വന്നപ്പോൾ ചിത്രങ്ങളും സന്ദേശങ്ങളും ഭാര്യക്ക് അയച്ചുകൊടുക്കുമെന്ന് സ്ത്രീ ഭീഷണിപ്പെടുത്തി. ഇത് ചെവിക്കൊള്ളാതെ യുവാവ് മറ്റൊരു മന്ത്രവാദിയെ സമീപിച്ച് ഇതേ ആവശ്യത്തിന് 10,000 ദിർഹം നൽകി. എന്നാൽ അതും പരാജയപ്പെട്ടപ്പോൾ പണം ആവശ്യപ്പെടാത്ത മൂന്നാമതൊരു സ്ത്രീയുമായി ഇതേ ആവശ്യത്തിന് ബന്ധപ്പെട്ടു. പക്ഷെ ഇതിനിടെ ഇയാൾ പൊലീസിന്റെ പിടിയിലായി.
ഭാര്യ ഇയാളുടെ തുടർച്ചയായ പീഡനം കാരണം രണ്ട് മാസം മുൻപ് വിവാഹബന്ധം വേർപെടുത്താൻ അപേക്ഷ നൽകി വീട്ടിൽ നിന്ന് മാറിത്താമസിക്കുകയായിരുന്നു. ഇതിനിടെ യുഎഇക്ക് പുറത്തുനിന്നുള്ള സ്ത്രീ ഭാര്യയെ ബന്ധപ്പെടുകയും 35,000 ദിർഹം നൽകിയാൽ ഭർത്താവ് മന്ത്രവാദം നടത്തിയതിന് തെളിവ് നൽകാമെന്നും പറഞ്ഞു. തെളിവില്ലാതെ പണം നൽകാൻ വിസമ്മതിച്ചപ്പോൾ ആ സ്ത്രീ ചിത്രങ്ങളും വിഡിയോയും മന്ത്രവാദത്തിന്റെ ചിത്രങ്ങളും ഭാര്യയ്ക്ക് അയച്ചുകൊടുത്തു. ഇവയെല്ലാം തെളിവായി അവർ കോടതിയിൽ സമർപ്പിച്ചു.
നാല് കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ യുവാവിനെതിരെ ചുമത്തിയത്.
അജ്ഞാതരായ വ്യക്തികളുമായി തട്ടിപ്പിലും മന്ത്രവാദത്തിലും ഏർപ്പെട്ടു, മറ്റുള്ളവർക്ക് അപകടമുണ്ടാക്കി, വാട്സ്ആപ്പ് വഴി സ്വകാര്യ ചിത്രങ്ങൾ അയച്ച് സ്വകാര്യത ലംഘിച്ചു, സ്വകാര്യ വിവരങ്ങൾ നിയമവിരുദ്ധമായി കൈവശം വയ്ക്കുകയും പങ്കുവയ്ക്കുകയും ചെയ്തു എന്നിവയാണ് കുറ്റങ്ങൾ. യു എ യിലെ സൈബർ കുറ്റകൃത്യ, തട്ടിപ്പ് നിയമങ്ങൾ പ്രകാരം ഈ കേസ് ലഘുവായ കുറ്റകൃത്യമായിട്ടാണ് കണക്കാക്കിയത്.
ഒന്നാം കോടതി ഇയാൾക്ക് ആറ് മാസത്തെ തടവ് ശിക്ഷ വിധിക്കുകയും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടി നശിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തിരുന്നു. വിധി ചോദ്യം ചെയ്തുകൊണ്ട് യുവാവ് അപ്പീൽ നൽകിയെങ്കിലും വിധി ശക്തമായ തെളിവുകളുടെയും നിയമപരമായ ന്യായീകരണങ്ങളുടെയും അടിസ്ഥാനത്തിലാണെന്ന് കണ്ടെത്തി അപ്പീൽ കോടതി ഇയാളുടെ വാദം തള്ളി. ഒപ്പം ആറ് മാസത്തെ തടവ് ശിക്ഷയും വസ്തുവകകൾ കണ്ടുകെട്ടാനുള്ള ആദ്യ വിധിയും ശരിവയ്ക്കുകയും ചെയ്തു.