സുഷമ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് രോഹിത് ദ്വിവേദിയെ പോലീസ് അറസ്റ്റു ചെയ്തു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം നടന്നത്. ദമ്പതികൾ താമസിച്ചിരുന്ന വാടക വീട്ടീല്‍ വെച്ച് സുഷമയുടെ മൃതദേഹം രക്തത്തില്‍ കുളിച്ച് കിടക്കുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. കഴുത്തില്‍ മാരകമായി കുത്തേറ്റാണ് സുഷമ മരണപ്പെട്ടത്.
രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്ന സുഷമയുടെ മൃതദേഹത്തിന് അരികിലായി തറയില്‍ അവരുടെ രക്തംകൊണ്ട് തന്റെ ഭര്‍ത്താവ് നിരപരാധിയാണെന്നും താന്‍ മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്നും എഴുതിയിരുന്നു. ഇതാണ് പോലീസിനെ യഥാര്‍ത്ഥ പ്രതിയിലേക്ക് നയിച്ചത്.
advertisement
സംഭവസ്ഥലത്തെത്തിയ ദ്വിവേദി വളരെ ദുഃഖിതനായി നടിക്കുകയും ഭാര്യ ജീവനൊടുക്കിയതാണെന്ന് പോലീസ് ഉദ്യേഗസ്ഥരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. എങ്കിലും സംഭവ സ്ഥലത്തുകണ്ട ചില പൊരുത്തക്കേടുകള്‍ പോലീസില്‍ സംശയങ്ങള്‍ ഉയര്‍ത്തി. കൊല്ലപ്പെട്ട സുഷമയുടെ കൈയ്യിലുണ്ടായ രക്തംകൊണ്ട് തറയില്‍ ഇത്ര വലിയ സന്ദേശം എഴുതാന്‍ കഴിയില്ലെന്ന കാര്യം പോലീസ് ശ്രദ്ധിച്ചു. ഈ ചെറിയ സംശയമാണ് ഭര്‍ത്താവിലേക്ക് അന്വേഷണം എത്തിച്ചത്.
തുടര്‍ന്ന് ദ്വിവേദിയെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചു. തീവ്രമായ ചോദ്യം ചെയ്യലില്‍ ഭാര്യയെ താന്‍ കൊലപ്പെടുത്തിയതാണെന്നും ജീവനൊടുക്കിയതാണെന്ന് വരുത്തിതീര്‍ക്കാന്‍ അവരുടെ രക്തംകൊണ്ട് മരണക്കുറിപ്പ് താന്‍ തന്നെ വ്യാജമായി എഴുതിയതാണെന്നും അയാള്‍ സമ്മതിച്ചു.
ഇരുവരും തമ്മിലുള്ള ദാമ്പത്യ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഇവര്‍ക്കിടയില്‍ വഴക്ക് പതിവായിരുന്നു. 2020-ലാണ് ഇരുവരും തമ്മിലുള്ള വിവാഹം നടന്നത്. ഇവര്‍ക്ക് കുട്ടികളില്ല. ഇത് പതിവായി വഴക്കിന് കാരണമായി. ദ്വിവേദിയുടെ വിവാഹേതര ബന്ധം സുഷമ കണ്ടെത്തിയതോടെ ഇവര്‍ക്കിടയില്‍ പ്രശ്‌നം രൂക്ഷമായി. വെള്ളിയാഴ്ച വഴക്ക് അക്രമാസക്തമാകുകയും ദ്വിവേദി അതിനിടയില്‍ സുഷമയെ കഴുത്തില്‍ മാരകമായി കുത്തുകയും ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
കൊലയ്ക്കു ശേഷം പ്രതി സുഷമയുടെ ഫോണിലേക്ക് പലതവണ വിളിച്ചു. പിന്നീട് വീട്ടുടമസ്ഥനായ സന്തോഷിനെ വിളിച്ച് സുഷമയെ ഫോണില്‍ കിട്ടുന്നില്ലെന്നും ഒന്ന് അന്വേഷിക്കാമോ എന്നും പറഞ്ഞു. വീട്ടുടമസ്ഥനാണ് സുഷമ രക്തം വാര്‍ന്ന് കിടക്കുന്ന വിവരം പോലീസില്‍ അറിയിച്ചത്. ഫോറന്‍സിക് പരിശോധനകളും ദ്വിവേദി തന്നെയാണ് കുറ്റക്കാരനെന്ന് ഉറപ്പിച്ചു. പ്രയാഗ് രാജ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജിയിലിലേക്ക് അയച്ചു.
