സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, 2013 മുതൽ 2016 വരെ കോളേജിൽ ഒപ്പം പഠിച്ചിരുന്ന പ്രിയയെയാണ് പാർഥിബൻ ആദ്യം പ്രണയിച്ചത്. എന്നാൽ ഇരുവരും പിന്നീട് ഈ ബന്ധത്തിൽ നിന്ന് പിൻമാറി. ഇതിനു ശേഷം 2016 മുതൽ കഴിഞ്ഞ ഫെബ്രുവരി വരെ സൗന്ദര്യയുമായി പ്രണയത്തിലായിരുന്നു പാർഥിബൻ. എന്നാൽ, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് സൗന്ദര്യയുമായുള്ള ബന്ധം വേർപെടുത്തിയ പാർഥിബൻ മാതാപിതാക്കളുടെ സമ്മതത്തോടെ ജൂലായ് അഞ്ചിന് മുൻ കാമുകി പ്രിയയെ വിവാഹം കഴിച്ചു.
ഇതിൽ പ്രകോപിതയായ സൗന്ദര്യ അമ്മയുടെയും ബന്ധുക്കളുടെയും സഹായത്തോടെ പാർഥിബനെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഓഫീസിലേക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയ പാർഥിബനെ, സൗന്ദര്യയും സംഘവും ചേർന്ന് തട്ടിക്കൊണ്ടുപോകുകയായിരുന്നു. പാർത്ഥിബന്റെ നിലവിളി കേട്ട് അമ്മ ഓടിയെത്തി കാർ നിർത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പാർഥിബന്റെ ഭാര്യ പ്രിയ വേളാച്ചേരി പോലീസിൽ പരാതി നൽകി.
advertisement
പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പാർഥിബന്റെ മൊബൈൽ ഫോൺ സിഗ്നൽ ട്രാക്ക് ചെയ്യുകയും കാഞ്ചീപുരത്തിന് സമീപമുണ്ടെന്ന് പൊലീസ് മനസിലാക്കുകയും ചെയ്തു. പൊലീസ് എത്തുമ്പോൾ കാഞ്ചീപുരം ക്ഷേത്രത്തിന് മുന്നിൽവെച്ച് പാർഥിബനെ നിർബന്ധിച്ച് വിവാഹം കഴിക്കാൻ ശ്രമിക്കുകയായിരുന്നു സൗന്ദര്യ. ഉടൻതന്നെ പൊലീസ് പാർഥിബനെ മോചിപ്പിച്ചു. തുടർന്ന് സൗന്ദര്യ, അമ്മ ഉമ (50), അതിർത്തി രക്ഷാ സേനയിൽ (ബിഎസ്എഫ്) സേവനമനുഷ്ഠിക്കുന്ന സഹോദരൻ രമേഷ് (39), അമ്മാവൻ ശിവകുമാർ (48) എന്നിവരുൾപ്പെടെ 4 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രശ്‌നം പരസ്‌പരം പരിഹരിക്കുമെന്ന് ഇരുവിഭാഗവും പോലീസിനോട് പറഞ്ഞു. കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്.