കേസിലെ ഒന്നാം പ്രതി കൊല്ലം അലയമൺ ചെന്നപ്പേട്ട പച്ച ഓയിൽ പാം പുതുപ്പറമ്പിൽ മെറിൻ ജേക്കബ് (27) ആണ്. യുഎസിലുള്ള ഡോറ അസറിയ ക്രിപ്‌സിന്റെ വളർത്തുപുത്രിയാണ് മെറിൻ എന്നു സ്ഥാപിച്ചാണ് വിടും വസ്തുവും മെറിൻ്റെ പേരിലേക്കു മാറ്റിയതും പിന്നീട് ചന്ദ്രസേനൻ എന്നയാൾക്ക് ഒന്നരക്കോടി രൂപയ്ക്ക് വിറ്റതും. 22 വർഷം മുൻപ് നാട്ടിൽ വന്നുപോയ ഡോറയ്ക്ക് മെറിൻ ആരെന്നു പോലും അറിയില്ല. മെറിനെ ഇന്നലെയും സബ് രജിസ്ട്രാർ ഓഫീസിലെത്തിച്ച് തെളിവെടുപ്പ് നടത്തി.
advertisement
ഇതും വായിക്കുക: ഉടമസ്ഥയുടെ സാദൃശ്യമുള്ള സ്ത്രീയെ ഉപയോഗിച്ച് തിരുവനന്തപുരത്ത് വീടും വസ്തുവും തട്ടിയെടുത്ത രണ്ടു സ്ത്രീകൾ പിടിയിൽ
ഡോറയുടെ മുഖസാദൃശ്യമുള്ള കരകുളം മരുതൂർ ചീനിവിള പാലയ്ക്കാടു വീട്ടിൽ വസന്ത(76)യെ ഡോറയെന്ന മട്ടിൽ എത്തിച്ച് മെറിന്റെ പേരിലേക്ക് വസ്തു കൈമാറ്റം നടത്തിയതും ഈ പ്രമാണം എഴുതി നൽകിയതും മണികണ്ഠൻ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഖകൾ തയാറാക്കിയ അഭിഭാഷകനും ഗൂഢാലോചനയിൽ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം.
വസ്തുവിന്റെ മേല്‍നോട്ടത്തിന് ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടയ്ക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. തുടർന്ന് മ്യൂസിയം പൊലീസിന് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തവെയാണ് വ്യാജ പ്രമാണവും വ്യാജ ആധാർ കാർഡും കണ്ടെത്തിയത്. രജിസ്ട്രാർ ഓഫീസിലെ രേഖകൾ വിശദമായി പരിശോധിച്ച് അതിലെ വിരലടയാളങ്ങൾ കേന്ദ്രീകരിച്ച് ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിയത്.
പിടിയിലായ സ്ത്രീകള്‍ക്ക് വ്യാജരേഖ ഉള്‍പ്പെടെ ഉണ്ടാക്കാന്‍ വലിയതോതില്‍ സഹായം കിട്ടിയിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാജരേഖകള്‍ ഉപയോഗിച്ച് വസ്തു രജിസ്‌ട്രേഷന്‍ നടത്തിയതില്‍ ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.
വീടും സ്ഥലവും രജിസ്‌ട്രേഷന്‍ നടത്തിയത് ജനുവരിയിലാണ്. ശാസ്തമംഗലം രജിസ്ട്രാര്‍ ഓഫീസില്‍ ഡോറയെന്ന പേരില്‍ എത്തി പ്രമാണ രജിസ്‌ട്രേഷന്‍ നടത്തി മെറിന് വസ്തു കൈമാറിയത് വസന്തയാണ്. മെറിനും വസന്തയ്ക്കും തമ്മില്‍ പരിചയമുണ്ടായിരുന്നില്ല. രജിസ്റ്റര്‍ ചെയ്തു കിട്ടിയ വസ്തു ജനുവരിയില്‍ തന്നെ ഒന്നരക്കോടി രൂപയ്ക്ക് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് മെറിന്‍ വിലയാധാരം എഴുതി കൊടുത്തിരുന്നു. ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍വച്ച് പരിചയപ്പെട്ട കുടുംബസുഹൃത്താണ് മെറിനെ തട്ടിപ്പ് സംഘത്തിലേക്ക് എത്തിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.
കന്റോൻമെന്റ് അസിസ്റ്റന്റ് കമ്മീഷണർ സ്റ്റുവെര്‍ട്ട് കീലറിന്റെ നേതൃത്വത്തില്‍ സി ഐ വിമല്‍, എസ്‌ഐമാരായ വിപിന്‍, ബാലസുബ്രഹ്മണ്യന്‍, സിപിഒമാരായ ഉദയന്‍, രഞ്ജിത്, ഷിനി, ഷംല, അരുണ്‍, അനൂപ്, സാജന്‍, പത്മരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ കുടുക്കിയത്.