സാക്ഷികളെ സ്വാധീനിക്കാനോ സമാനമായ കേസുകളിൽ ഉൾപ്പെടാനോ പാടില്ലെന്ന വ്യവസ്ഥകളോടുകൂടിയാണ് കൗൺസിലർക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചത്. എന്നാൽ പ്രതി ജാമ്യവ്യവസ്ഥ ലംഘിച്ചു എന്ന് കാണിച്ച് ജില്ലാ പ്ലീഡർ മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു.
മട്ടന്നൂർ നഗരസഭയിലെ മരുതായി വാർഡിലെ കൗൺസിലറായ സി അജിത് കുമാർ 20 ലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുത്തു എന്ന് കാണിച്ചാണ് യുവതി പരാതി നൽകിയത്. കേസിൽ മുൻകൂർ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർ കോടതിയെ സമീപിച്ചു. സാക്ഷികളെ സ്വാധീനിക്കാനോ സമാനമായ കേസിൽ ഇടപെടാനോ പാടില്ലെന്ന വ്യവസ്ഥയോട് കൂടിയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്.
advertisement
Also Read- സാങ്കേതിക സർവകലാശാല വിസി നിയമനത്തിന് സ്റ്റേയില്ല; സർക്കാരിന്റെ ആവശ്യം ഹൈക്കോടതി നിരസിച്ചു
മെയ് 17ന് ജാമ്യം ലഭിച്ച സി അജിത് കുമാർ മെയ് 24ന് മറ്റൊരു കേസിൽ പ്രതിയായെന്ന് ജില്ലാ പ്ലീഡർ കോടതിയെ അറിയിച്ചു. പരാതിക്കാരിയെ സഹായിക്കാനായി യുവാവിനെ മർദ്ദിച്ച കേസിലാണ് വീണ്ടും പ്രതിയായത്. അതുകൊണ്ട് പ്രതിയുടെ മുൻകൂർ ജാമ്യം റദ്ദ് ചെയ്യണമെന്ന് പോസിക്യൂഷൻ ആവശ്യപ്പെട്ടു.
കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. എന്നാൽ സംഭവത്തിനുശേഷമാണ് പ്രതി കൗൺസിലറായി നാമനിർദ്ദേശ പത്രിക നൽകി തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. തുടർന്ന് കോടതി മുൻകൂർ ജാമ്യം റദ്ദ് ചെയ്തതായി ഉത്തരവിട്ടു.