കൊച്ചിയിൽ ഐ ബി ഉദ്യോഗസ്ഥന്‍ ചമഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയെടുത്ത ശേഷം വീണ്ടും വാങ്ങാനെത്തിയ യുവാവ് പൊലീസിന്റെ പിടിയിലായി.വരാപ്പുഴ മണ്ണുംതുരുത്ത് തയ്യില്‍ വീട്ടില്‍ പ്രവീണിനേയാണ് വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്.
ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ പണം നഷ്ടപ്പെട്ട വീട്ടമ്മയെ ഐ ബി ഉദ്യോഗസ്ഥനാണെന്നും സഹായിക്കാമെന്നും പറഞ്ഞ് ഫോണില്‍ വിളിച്ച് പരിചയപ്പെടുകയായിരുന്നു.കേസില്‍ നിന്ന് ഒഴിവാക്കാൻ 50000 രൂപ ആവശ്യപ്പെട്ടപ്പോള്‍ വീട്ടമ്മ നല്‍കി.പിന്നീട് കൂടുതല്‍ പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ അറസ്റ്റ് ചെയ്ത് ബംഗളൂരുവിലേക്ക് കൊണ്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതോടെ വീട്ടമ്മ പൊലീസില്‍ വിവരം അറിയിച്ചു.
advertisement
പൊലീസിന്റെ നിര്‍ദേശപ്രകാരം വീട്ടമ്മ പണം നല്‍കാമെന്ന് പ്രവീണിനെ അറിയിച്ചു.പണം വാങ്ങാന്‍ വീട്ടിലെത്തിയ പ്രവീണിനെ പൊലീ,സ് കൈയ്യോടെ പിടികൂടി.ആള്‍മാറാട്ടം,വ്യാജരേഖ ചമയ്ക്കല്‍ ,ഭീഷണിപ്പെടുത്തി പണം തട്ടല്‍,സൈബര്‍ കുറ്റകൃത്യം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസേടുത്തിട്ടുള്ളത്..സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായും ചോദ്യം ചെയ്തുവരികയാണെന്നും മുനമ്പം ഡിവൈഎസ് പി എസ് ജയകൃഷ്ണന്‍ പറഞ്ഞു.
ഇ.ഡി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റിലായിരുന്നു.ഇടക്കൊച്ചി പള്ളുരുത്തി ജനത ജംഗ്ഷന്‍ മുല്ലോത്ത് കാട് വീട്ടില്‍ അനന്തു കൃഷ്ണന്‍ (27) നെയാണ് കുന്നത്തുനാട് പോലീസ് അറസ്റ്റ് ചെയ്തത്. നിരവധി പേരുള്‍പ്പെട്ട തട്ടിപ്പ് സംഘം ഫോണ്‍ മുഖാന്തിരവും സാമൂഹ്യ മാധ്യമമായ സ്‌കൈപ്പ് വഴിയും പരാതിക്കാരനുമായി ബന്ധപ്പെട്ട് , കൊറിയര്‍ അയച്ച പാര്‍സല്‍ കസ്റ്റംസില്‍ കുടുങ്ങിയതായി വ്യാജ വിവരം നല്‍കുകയായിരുന്നു. പാഴ്സലില്‍ അഞ്ച് പാസ്‌പോര്‍ട്ട്, ലാപ്‌ടോപ്പ്, ബാങ്ക് ഡോക്യുമെന്റുകള്‍, 400 ഗ്രാം എംഡിഎം എ, വസ്ത്രങ്ങള്‍ എന്നിവയാണെന്നും ധരിപ്പിച്ചു. ഇതേകുറിച്ച് അറിയില്ലെന്ന് അറിയിച്ചപ്പോള്‍ ഐഡി മിസ് യൂസ് ചെയ്തതാകാമെന്നും, ബന്ധപ്പെട്ട കേസില്‍ നിന്നും ഒഴിവാക്കുന്നതിനാണെന്ന് പറഞ്ഞ് പരാതിക്കാരന്റെ ആധാര്‍ വിവരങ്ങള്‍ അയച്ചു മേടിക്കുകയും ചെയ്തു. പിന്നീട് ഇഡി ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് പണം ആവശ്യപ്പെട്ടു.
പരാതിക്കാരന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 27,49,898 രൂപ തട്ടിപ്പുസംഘത്തിന്റെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സഫര്‍ ചെയ്യിപ്പിച്ചാണ് പണം തട്ടിയത്. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നതിനിടെ സംഘം കൈക്കലാക്കിയ പണം പലര്‍ക്കും അയച്ചുകൊടുത്തിട്ടുള്ളതായി തെളിഞ്ഞു. ഇപ്രകാരം അനന്തു കൃഷ്ണന്റെ പള്ളുരുത്തി ബ്രാഞ്ചിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് പണം എത്തിയതായി മനസ്സിലാക്കാന്‍ സാധിച്ചു. ഇതേ തുടര്‍ന്ന് ഇയാളെ തെളിവ് ശേഖരിക്കുന്നതിനും, തട്ടിപ്പ് സംഘത്തെ കുറിച്ചുള്ള വിവരം ശേഖരിക്കുന്നതിനുമായി ചോദ്യം ചെയ്തപ്പോഴാണ് തട്ടിപ്പ് സംഘത്തില്‍പ്പെട്ട ആളാണെന്ന് മനസ്സിലായത്.
കോട്ടയം കടുത്തുരുത്തിയില്‍ വയോധികനായ വൈദികന്റെ 11 ലക്ഷം സി.ബി.ഐ ഉദ്യോഗസ്ഥന്‍ ചമഞ്ഞ് തട്ടിയ കേസില്‍ പ്രതി ഗുജറാത്തില്‍ നിന്നുംഅറസ്റ്റിലായിരുന്നു.ഗുജറാത്ത് വഡോദര ന്യൂ സാമ റോഡില്‍ പഞ്ചം ഹൈറ്റ്‌സിന് സമീപം ഹരികപൂര്‍ സൊസൈറ്റി 108ല്‍ മന്ദീപ് സിങ്ങിനെയാണ് കോട്ടയം കടുത്തുരുത്തി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ആറിനായിരുന്നു സംഭവം. വയോധികനായ വൈദികനെയാണ് സി.ബി.ഐ ചമഞ്ഞ് വെര്‍ച്വല്‍ അറസ്റ്റിന് വിധേയനാക്കിയത്. അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായി പറഞ്ഞ് വ്യാജ രേഖകള്‍ കാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം കുടുക്കിയത്. തുടര്‍ന്ന് അക്കൗണ്ടില്‍ നിന്നും 11 ലക്ഷം രൂപ ട്രാന്‍സ്ഫര്‍ ചെയ്ത് എടുക്കുകയും ചെയ്തു
സംസ്ഥാനത്തിന്റെ പലയിടങ്ങളില്‍ സമാനമായ നിരവധി കേസുകള്‍ ആവര്‍ത്തിക്കുകയാണ്.ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയാകുന്നവരെയാണ് ഇത്തരം സംഘങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്.വ്യാജ ഐ ഡി കാര്‍ഡും ഇ മെയില്‍ ഐ ഡിയും ഉപയോഗിച്ചാണ് തട്ടിപ്പുകള്‍.റോ,ഐബി,സിബിഐ,ഇഡി,ആര്‍ ബി ഐ ഉദ്യോഗസ്ഥരാണെന്ന വ്യാജേന ഇത്തരക്കാർ ഇരകളെ സമീപിക്കും.ശേഷമാണ് തട്ടിപ്പുകള്‍ നടത്തുന്നത്.ഇത്തരത്തില്‍ സംസ്ഥാനത്ത് പണം നഷ്ടപ്പെട്ടവര്‍ ധാരാളമുണ്ട്.വിര്‍ച്വല്‍ അറസ്റ്റിലൂടെ പണം തട്ടുന്ന സംഘങ്ങളും സംസ്ഥാനത്ത് വ്യാപകമാകുന്നുണ്ട്.വയോധികരെയും വീട്ടമ്മമാരേയും പെണ്‍കുട്ടികളെയുമാണ് സംഘങ്ങള്‍ ലക്ഷ്യം വെയ്ക്കുന്നത്. തുടര്‍ച്ചയായി തട്ടിപ്പുകള്‍ ആവര്‍ത്തിക്കുന്നതോടെ ഇത്തരം സംഘങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളും വലവിരിച്ചുകഴിഞ്ഞു.
