ഭർത്താവിന്റെ സ്ഥിരം മദ്യപാനവും ദാമ്പത്യ പ്രശ്നങ്ങളും ആത്മഹത്യയ്ക്ക് വഴിവെച്ചു എന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിരുന്നത്. സിനിമാ, സീരിയൽ നടിയായിരുന്ന അപർണ നേരത്തെ അഭിനയം നിർത്തി സ്വകാര്യ ആശുപത്രിയിൽ റിസപ്ഷനിസ്റ്റ് ആയി ജോലിനോക്കിയിരുന്നു.
സഞ്ജിത്ത് അപർണയുടെ രണ്ടാം ഭർത്താവാണ്. ഭർത്താവിന് താൽപര്യമില്ലാത്തതിനാലാണ് അഭിനയ ജീവിതം അവസാനിപ്പിച്ചത്. എന്നാൽ ഭർത്താവിന്റെ വഴിവിട്ട പോക്കും ദാമ്പത്യ പ്രശ്നങ്ങളും ജീവിതത്തെ അലട്ടിയതോടെ സാമ്പത്തിക പ്രതിസന്ധിയും അപർണ അനുഭവിച്ചു.
advertisement
അടുത്തിടെ ഒരു സീരിയലിൽ അവസരം വന്നപ്പോൾ അഭിനയിക്കാൻ പോകാനുള്ള താല്പര്യം പ്രകടിപ്പിച്ചു. എന്നാൽ അതിന് സമ്മതം കിട്ടിയില്ലെന്നാണ് സൂചന. 2021 ലാണ് സഞ്ജിത്ത് അപർണയുടെ അനുജത്തി ഐശ്വര്യയുമായി നാടുവിട്ടത്. ഐശ്വര്യയും വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. കൊല്ലം സ്വദേശിയായിരുന്നു ഐശ്വര്യയുടെ ഭർത്താവ്. പിന്നീട് ഇദ്ദേഹം വിവാഹമോചനം നേടി.
ആ നാടുവിടലിൽ അപർണ സഹോദരിക്കും ഭർത്താവിനും എതിരെ പോലീസിന് മൊഴി നൽകിയിരുന്നു. ഇരു വീട്ടുകാരുടെയും പരാതികളിൽ നാട് വിട്ടവർ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം റിമാൻഡിലാവുകയും ചെയ്തു. ഇതടക്കമുള്ള പ്രശ്നങ്ങൾ അപർണയെ അലട്ടിയിരുന്നു.