നൈജീരിയൻ സൈബർ സംഘത്തിന്റെ ഭാഗമായ മണിപ്പൂരിൽ താമസിക്കുന്ന തിൻഗ്യോ റിംഗ്‌ഫാമി ഫെയ്‌റേ (26), സോളൻ തോട്ടംഗമല അങ്കാങ് (22) എന്നിവരെ അസമിൽ നിന്നാണ് മാട്ടുംഗ പോലീസ് അറസ്റ്റ് ചെയ്തത്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇവരുടെ സംഘത്തിൽ ഉൾപ്പെട്ട കൂടുതൽ പേരെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
റിപ്പോർട്ട് അനുസരിച്ച്, ദാദറിലെ ഫൈവ് ഗാർഡൻസിലെ താമസക്കാരിയായ വയോധികയാണ് തട്ടിപ്പിന് ഇരയായത്. അവിവാഹിതയായ ഇവർ പങ്കാളിയെ അന്വേഷിക്കുകയായിരുന്നു. കുറച്ച് മാസങ്ങൾക്ക് മുമ്പ്, ജർമ്മൻ പൗരനായ ക്രിസ് പോൾ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരു വ്യക്തി അന്താരാഷ്ട്ര നമ്പറിൽ നിന്ന് പരാതിക്കാരിക്ക് വാട്ട്‌സ്ആപ്പിൽ ഒരു സന്ദേശം അയച്ചു.
advertisement
തനിക്ക് ഭാര്യയില്ലെന്നും സമ്പന്ന കുടുംബത്തിൽ പെട്ടയാളാണെന്നും ജർമാൻകാരനെന്ന് പരിചയപ്പെടുത്തിയ പ്രതി സ്ത്രീയോട് പറഞ്ഞു. “തനിക്ക് വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് അയാൾ 75കാരിയോട് പറഞ്ഞു. താൻ ഉടൻ മുംബൈയിലേക്ക് വരുമെന്നും വിവാഹം കഴിക്കാമെന്നും അയാൾ പറഞ്ഞു,” സീനിയർ ഇൻസ്പെക്ടർ ദീപക് ചവാൻ പറഞ്ഞു.
കഴിഞ്ഞ വർഷം നവംബറിൽ, പ്രതി വീണ്ടും ഒരു അന്താരാഷ്ട്ര നമ്പറിൽ നിന്ന് വിളിച്ച് വിലകൂടിയ സമ്മാനങ്ങൾ അയച്ചതായി സ്ത്രീയോട് പറഞ്ഞു. കസ്റ്റംസ് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ളയാളാണെന്ന് അവകാശപ്പെട്ട് തന്റെ പാഴ്‌സൽ സ്വീകരിക്കുന്നതിന് 3.85 ലക്ഷം രൂപ ‘ഡ്യൂട്ടി’ ആയി നൽകണമെന്ന് പറഞ്ഞ ഒരു സ്ത്രീയുടെ മറ്റൊരു കോൾ പിന്നാലെ വന്നു.
75കാരി തുക നൽകിയെങ്കിലും സമ്മാനമൊന്നും ലഭിച്ചില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പണം തിരികെ നൽകാമെന്നായിരുന്നു ജർമൻകാരനെ അവകാശപ്പെട്ട പ്രതി പറഞ്ഞത്. എന്നാൽ ദിവസങ്ങൾക്ക് ശേഷം, താൻ ഇന്ത്യയിൽ ഉണ്ടെന്ന് പറഞ്ഞ് ‘ജർമൻകാരൻ’ വീണ്ടും വയോധികയെ വിളിച്ചു, എന്നാൽ തന്റെ പക്കൽ വിദേശ കറൻസി ഉണ്ടായിരുന്നതിനാൽ “കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചു” എന്നാണ് ഇത്തവണ ഇയാൾ പറഞ്ഞത്.
കസ്റ്റംസ് കസ്റ്റഡിയിൽനിന്ന് പുറത്തിറങ്ങാൻ ഡ്യൂട്ടി നൽകണമെന്ന് ഇയാൾ 75കാരിയോട് പറഞ്ഞു. ഇതുപ്രകാരം പരാതിക്കാരിയായ സ്ത്രീ എട്ട് ലക്ഷം രൂപ ജർമാൻകാരന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് വിളിച്ചപ്പോൾ ഫോൺ എടുക്കാതെയായി. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടതായി 75കാരിക്ക് മനസിലായത്. തുടർന്ന് അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ രണ്ടുപേരെ അറസ്റ്റ് ചെയ്തത്.