പന്തീരാങ്കാവിലെ 'അക്ഷയ ഫിനാന്‍സ്' എന്ന ധനകാര്യസ്ഥാപനത്തില്‍ ഷിബിന്‍ലാല്‍ പണയംവെച്ചെന്നു പറഞ്ഞ സ്വര്‍ണം തിരികെയെടുത്ത് ഇസാഫിലേക്ക് മാറ്റാനാണ് 40 ലക്ഷം രൂപയുമായി എട്ട് ജീവനക്കാരെ ഷിബിന്‍ ലാലിനൊപ്പം ബാങ്ക് പറഞ്ഞുവിട്ടത്. രാമനാട്ടുകരയില്‍നിന്ന് 40 ലക്ഷം രൂപയുമായി കാറിലും ഓട്ടോറിക്ഷയിലുമായാണ് ബാങ്കിന്റെ എട്ട് ജീവനക്കാര്‍ പന്തീരാങ്കാവിലേക്ക് തിരിച്ചത്. അവരുടെമുന്നില്‍ സ്‌കൂട്ടറിലായിരുന്നു ഷിബിന്‍ലാല്‍.
ഇതും വായിക്കുക: തമിഴ്നാട്ടിൽ 'വക്കീല്‍ പണി'; അതിർത്തി കടന്നാൽ ക്ഷേത്രങ്ങളുടെ കാണിക്കവഞ്ചി മോഷണം
കോഴിക്കോട് മണക്കടവ് റോഡിലെ ബിഎസ്എൻഎൽ ഓഫീസിന് സമീപം വാഹനങ്ങൾ നിർത്തി രണ്ടുപേർ പുറത്തിറങ്ങി. അക്ഷയ ഫിനാൻസിയേഴ്സിലേക്ക് തുകയ്ക്ക് ഒപ്പം വരരുതെന്നും പുറത്തു നിന്നാൽ മതിയെന്നും ഷിബിൻ ലാൽ പറഞ്ഞത് പ്രകാരം മറ്റുള്ളവർ കാറിൽ ഇരുന്നു. രണ്ടുപേർ ബാഗുമായി ഷിബിൻ ലാലിന്റെ ഒപ്പം നടന്നു. റോഡ് മുറിച്ചുകടക്കുന്നതിനിടെ അക്ഷയയുടെ സമീപം പാർക്ക് ചെയ്തിരുന്ന സ്കൂട്ടറില്‍ ഷിബിൻ ലാൽ പണവുമായി കടന്നുകളഞ്ഞുവെന്നാണ് സൂചന. സിസിടിവിയിൽ ഈ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
advertisement
40 ലക്ഷം രൂപ നഷ്ടമായെന്ന് ഇസാഫ് ബാങ്ക് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. അതില്‍ ഷിബിന്‍ലാലിന്റെ പങ്കും വ്യക്തമാണ്. ഷിബിന്‍ലാലിന്റെ വീട്ടില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ നേരിട്ടുപോയി വിലാസം സ്ഥിരീകരിച്ചശേഷമാണ് അക്കൗണ്ട് തുറന്നത്. ആധാര്‍ അടക്കമുള്ള എല്ലാ രേഖകളും നല്‍കിയിട്ടുമുണ്ട്. തിരിച്ചറിയാനുള്ള എല്ലാ വിവരങ്ങളും നല്‍കിയശേഷം ഷിബിന്‍ലാല്‍ മാത്രമായി കവര്‍ച്ച ആസൂത്രണംചെയ്യുമോ ? മറ്റാരെങ്കിലും ഇതിനുപുറകിലുണ്ടോ? എന്ന കാര്യങ്ങളെല്ലാം പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇസാഫ് ബാങ്കില്‍നിന്ന് 10 ലക്ഷം രൂപ പുറത്തുകൊണ്ടുപോവുമ്പോള്‍ രണ്ടു ജീവനക്കാര്‍ ഉണ്ടാവണമെന്നാണ് വ്യവസ്ഥ. 40 ലക്ഷമായതുകൊണ്ടാണ് എട്ടുപേരെ ബാങ്ക് അധികൃതര്‍ പറഞ്ഞുവിട്ടത്.
ഇതും വായിക്കുക: കോഴിക്കോട് സ്വകാര്യബാങ്കിലെ ജീവനക്കാരില്‍ നിന്ന് 40 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്തു
ഷിബിന്‍ ലാല്‍ 38 ലക്ഷം രൂപയുടെ സ്വര്‍ണം പണയംവെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനായി മൂന്നു ബാങ്കുകളുടെ ഉദ്യോഗസ്ഥര്‍ എത്തിയിരുന്നതായി അക്ഷയ ഫിനാന്‍സിയേഴ്‌സ് മാനേജര്‍ ചന്ദ്രശേഖരന്‍ നായര്‍ മാധ്യമങ്ങളോട് പറഞ്ഞു. 51 ലക്ഷം വായ്പകൊടുത്തിട്ടുണ്ടോ എന്ന് ചോദിച്ച് രണ്ട് ബാങ്കുകാര്‍ ചൊവ്വാഴ്ചയും പന്തീരാങ്കാവിലെ ഒരു സ്വകാര്യബാങ്ക് ബുധനാഴ്ചയുമാണ് എത്തിയത്. എന്നാല്‍, പരമാധി ഒന്നരലക്ഷം രൂപയേ വായ്പ നല്‍കാറുള്ളൂ എന്ന് പറഞ്ഞപ്പോള്‍ അവര്‍ മടങ്ങി. തങ്ങളുടെ സ്ഥാപനത്തിന്റെ എംബ്ലവും എഴുത്തുമൊന്നുമില്ലാത്ത വായ്പാ കാര്‍ഡും അവര്‍ കൊണ്ടുവന്നിരുന്നു. ഈ കാര്‍ഡ് ഷിബിന്‍ വ്യാജമായി നിര്‍മിച്ചതായിരിക്കാമെന്ന് താന്‍ ബാങ്കുകാരോട് പറഞ്ഞതായും അക്ഷയ ഫിനാന്‍സിയേഴ്‌സ് മാനേജര്‍ വ്യക്തമാക്കി.