2019 ഡിസംബർ 15-ന് കോട്ടാങ്ങൽ സ്വദേശിനിയായ 26-കാരി ടിഞ്ചുവിനെ സുഹൃത്തായ ടിജിന്റെ വീട്ടിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. ദൃക്സാക്ഷികൾ ആരും ഇല്ലാതിരുന്ന ഈ കേസിൽ ക്രൈംബ്രാഞ്ച് നടത്തിയ ശാസ്ത്രീയ അന്വേഷണമാണ് യഥാർത്ഥ പ്രതിയായ നസീറിലേക്ക് എത്തിയത്.
യുവതിയുടെ മൃതദേഹത്തിന്റെ നഖങ്ങളിൽ നിന്ന് ലഭിച്ച സാമ്പിളുകളും നസീറിന്റെ രക്തസാമ്പിളും തമ്മിലുള്ള പൊരുത്തമാണ് കേസിൽ നിർണ്ണായകമായത്. ടിജിനും പിതാവും വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ചു കയറിയ നസീർ, യുവതിയുടെ തല കട്ടിൽപ്പടിയിൽ ഇടിപ്പിച്ച് ബോധരഹിതയാക്കിയ ശേഷമാണ് ക്രൂരമായി പീഡിപ്പിച്ചത്. തുടർന്ന് മുണ്ട് കഴുത്തിൽ കുരുക്കി മേൽക്കൂരയിലെ ഹുക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയായിരുന്നു.
advertisement
ആദ്യഘട്ടത്തിൽ ടിഞ്ചുവിനൊപ്പം താമസിച്ചിരുന്ന ടിജിനിലേക്കായിരുന്നു പോലീസിന്റെ സംശയമുന നീണ്ടിരുന്നത്. 12 വർഷം പ്രണയത്തിലായിരുന്ന ടിഞ്ചുവും ടിജിനും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി വേറെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ, പിന്നീട് ടിഞ്ചു ഭർത്തൃവീട്ടിൽനിന്ന് ഇറങ്ങി ടിജിനൊപ്പം താമസിക്കുകയായിരുന്നു.
ടിജിനെ പ്രതിയെന്ന് സംശയിച്ച് പൊലീസ് ക്രൂരമായി തല്ലിച്ചതച്ചത് വിവാദമായിരുന്നു. ചോദ്യം ചെയ്യലിനിടെ പോലീസ് മർദനമേറ്റ ടിജിന്റെ നട്ടെല്ലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തതോടെയാണ് യഥാർത്ഥ കൊലയാളി പിടിയിലായത്.
