TRENDING:

News18 Investigation| മുകുന്ദൻ ഉണ്ണി ഒറിജിനൽ! ഇല്ലാത്ത അപകടങ്ങളുടെ പേരിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്; പിന്നിൽ‌ വൻ സംഘം

Last Updated:

അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെടുന്ന വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടുന്ന ഉത്തരവിന്റെ മറവിൽ പോലീസ് ഒത്താശയിലാണ് തട്ടിപ്പ്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
വി വി അരുൺ
News18 Investigation
News18 Investigation
advertisement

തിരുവനന്തപുരം: ഇല്ലാത്ത അപകടങ്ങളുടെ പേരിൽ ഇൻഷുറൻസ് കമ്പനികളെ കബളിപ്പിച്ച് കോടികളുടെ തട്ടിപ്പ്. അഭിഭാഷകരും പോലീസ് ഉദ്യോഗസ്ഥരും സർക്കാർ ഡോക്ടർമാരും ഉൾപ്പെടുന്ന വൻ സംഘമാണ് തട്ടിപ്പിന് പിന്നിൽ. കോടതിയെ തെറ്റിദ്ധരിപ്പിച്ചു നേടുന്ന ഉത്തരവിന്റെ മറവിൽ പോലീസ് ഒത്താശയിലാണ് തട്ടിപ്പ്. ഒമ്പത് പോലീസ് ഉദ്യോഗസ്ഥരും മൂന്നു സര്‍ക്കാർ ഡോക്ടർമാരും ഒരു അഭിഭാഷകനും ഉൾപ്പെടെ 66 പ്രതികളാണ് കേസിലുള്ളത്.

മുകുന്ദൻ ഉണ്ണി ഒറിജിനൽ

2022ല്‍ പുറത്തിറങ്ങിയ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന സിനിമ പറഞ്ഞത് മോട്ടോർ വാഹന അപകട ഇൻഷുറന്‍സ് തട്ടിപ്പിൻ്റെ കഥയാണ്. വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച മുകുന്ദൻ ഉണ്ണി എന്ന അഭിഭാഷകനാണ് അതില്‍ തട്ടിപ്പിന്റെ സൂത്രധാരൻ. പോലീസ് ഉദ്യോഗസ്ഥരും ആശുപത്രി ജീവനക്കാരും ഇൻഷുറൻസ് കമ്പനി പ്രതിനിധികളുമൊക്കെ തട്ടിപ്പിന് സഹായം ചെയ്യുന്നുണ്ട്. ഇവിടേയും തട്ടിപ്പിന്റെ മുഖ്യ കണ്ണി കാട്ടാക്കട സ്വദേശി അഡ്വ. സതീഷ് കുമാര്‍ ആണെന്നാണ് പരാതി. ഇയാളുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ കേസിൽ പ്രതികളാണ്.

advertisement

തട്ടിപ്പ് എങ്ങനെ?

ഇൻഷുറൻസ് പരിരക്ഷയുള്ള വാഹനത്തിൽ നിന്ന് മറിഞ്ഞു വീണ് അപകടമുണ്ടായാൽ റോഡ് ആക്സിഡന്റായി പരിഗണിക്കില്ല. ഇൻ‍ഷുറൻസ് ക്ലെയിം ലഭിക്കുകയുമില്ല. ക്ലെയിം ലഭിക്കണമെങ്കിൽ അത് റോഡ് അപകടമാകണം. രേഖകളിൽ റോഡപകടങ്ങൾ സൃഷ്ടിച്ചാണ് തട്ടിപ്പ്.

വ്യാജ അപകടങ്ങളുടെ രേഖകൾ നിർമിച്ച്, സര്‍ക്കാർ ആശുപത്രികളിൽ നിന്നുള്ള മെഡിക്കൽ രേഖകളുടെ സഹായത്തോടെയാണ് കോടിക്കണക്കിന് രൂപയുടെ ഇൻഷുറന്‍സ് തട്ടിപ്പ് നടത്തിയിരിക്കുന്നതെന്ന് നെയ്യാറ്റിൻകര മോട്ടോര്‍ ആക്സിഡന്റ്സ് ക്ലെയിംസ് ട്രിബ്യൂണൽ മുൻപാകെ ഇൻഷുറൻസ് കമ്പനികള്‍ സമർപ്പിച്ച പരാതിയിൽ പറയുന്നു. ബൈക്കിൽ പോകുന്ന ഒരാൾ ബൈക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ടാൽ അതിന് ഇൻഷുറൻസ് പരിരക്ഷ ലഭിക്കില്ല. അതിനാൽ അത് റോഡ് ആക്സിഡന്‌‍റാക്കി മാറ്റും. എഫ്ഐആർ, ഡോക്ടറുടെ സർട്ടിഫിക്കറ്റ്, സാക്ഷി മൊഴികൾ അടക്കം വ്യാജമായി സൃഷ്ടിച്ചാണ് തട്ടിപ്പ്. എഫ്ഐആർ ഇടുന്നതിനായി കോടതിയെ പോലും കബളിപ്പിക്കുന്നു എന്നതാണ് ഗൗരവതരം. അപകടം നടന്ന് മാസങ്ങൾക്ക് ശേഷം പൊതുതാപര്യ ഹർജിയിലൂടെയാണ് എഫ്ഐആര്‍ രജിസ്റ്റർ ചെയ്യുന്നത്.

advertisement

 തട്ടിപ്പിന് കുടുംബ ബന്ധവും

കാട്ടാക്കട തൂങ്ങാംപാറ സ്വദേശി അഖിലിന് 2016 ഓഗസ്റ്റ് ഒമ്പതിന് ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റു. സമീപത്തെ ആശുപത്രിയിൽ ആദ്യം പ്രവേശിപ്പിച്ചു. രേഖകളിൽ ബൈക്കിൽ നിന്ന് വീണതെന്ന് രേഖപ്പെടുത്തി. ഗുരുതര പരിക്കിനെ തുടർന്ന് അഖിലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അവിടെ എത്തിയപ്പോൾ അത് രേഖകളിൽ റോഡ് ആക്സിഡന്റായി മാറി.

മാസങ്ങൾക്കു ശേഷം കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ പൊതുതാല്‍പര്യ ഹർജി ഫയൽ ചെയ്തു. കാട്ടാക്കട പോലീസ് എഫ്ഐആര്‍ ഇട്ടു. കാട്ടാക്കട സതീഷ് കുമാർ ആയിരുന്നു അഖിലിന്റെ അഭിഭാഷകൻ. അപകടം നടന്ന കാട്ടാക്കട, എഫ്ഐആറിൽ 'നെയ്യാറ്റിൻകര'യായി മാറി. നെയ്യാറ്റിൻകരയിലൂടെ അഖിൽ നടന്നു പോകുമ്പോൾ KL 01 AG 7333 എന്ന ബൈക്ക് ഇടിച്ചിട്ടെന്നായി കഥ.

advertisement

കാട്ടാക്കട പൊലീസ് അന്വേഷിച്ച് അഖിലിന്റെ അച്ഛന്‍റെ മൊഴി എടുത്ത് പരാതി ശരിയെന്നു സ്ഥാപിച്ചു. KL 01 AG 7333 മംഗലത്തുകോണം സ്വദേശി ചന്ദ്രന്റെ പേരിലുള്ള വാഹനമാണ്. ഇനിയാണ് കഥയുടെ ട്വിസ്റ്റ്. അതേ വാഹനം മറ്റു നാലു അപകട കേസുകളിൽ കൂടി ചേര്‍ത്തു. ആര്യങ്കോട് പോലീസ് ക്രൈം നമ്പർ 1294/ 17, പാറശ്ശാല ക്രൈം 76/17, കാട്ടാക്കട ക്രൈം 211/19, കാട്ടാക്കട ക്രൈം 596/19. ഇതിൽ രണ്ടു കേസുകളിൽ ചന്ദ്രൻ ഡ്രൈവറായിരുന്നു. രണ്ടു കേസുകളില്‍ ബൈക്കിന് പിന്നിൽ ഇരുന്നയാളുമായി. എല്ലാത്തിലും അഭിഭാഷക സ്ഥാനത്ത് കാട്ടാക്കട സതീഷ് കുമാർ തന്നെ.

advertisement

ബാലരാമപുരം പോലീസ് രജിസ്റ്റർ ചെയ്ത 1715/17 എന്ന കേസിൽ ഹർജിയിൽ അപകടമുണ്ടാക്കിയ വാഹനമായി കാണിച്ചത് KL 20 J 4597. നേരത്തേയൊക്കെ വാദിഭാഗം അഭിഭാഷകനായി വന്ന അതേ സതീഷ് കുമാറിന്റെ പേരിലുള്ള വാഹനം. ഈ കേസിൽ വാദിക്കു വേണ്ടി ഹാജരായതും കാട്ടാക്കട സതീഷ് കുമാർ തന്നെ. അതായത് പ്രതിയും വാദിയുടെ അഭിഭാഷകനും ഒരാളെന്ന അപൂർവത. 2,40,000 രൂപയാണ് ഈ കേസിൽ ഇന്‍ഷുറൻസ് തുകയായി തട്ടിയെടുത്തത്.

മാറനല്ലൂർ ക്രൈം 502/17 ലും ഹാജരാക്കിയത് സതീഷിൻ‌റെ ബൈക്ക്. അതിൽ പ്രതിസ്ഥാനത്ത് വന്നത് സതീഷിന്റെ ജ്യേഷ്ഠന്റെ മകൻ വിപിൻകുമാർ. മലയിൻ‌കീഴ് സ്വദേശി അജയകുമാറിന് അപകടം പറ്റിയെന്നായിരുന്നു കേസ്. ഇതേ അജയകുമാറിന്റെ മകൻ കിരണിന്റെ മെഡിക്കൽ റെക്കോർഡുകൾ ഉപയോഗിച്ചായിരുന്നു മാറനല്ലൂര്‍ പോലീസ് സ്റ്റേഷനിൽ മറ്റൊരു കേസ്. 22 വയസ്സുള്ള‍ കിരണിന്റെ രേഖകൾ മാറ്റി 38 കാരനായ വിജയകുമാർ എന്നയാള്‍ അപകടത്തിൽപ്പെട്ടെന്നാക്കി. ക്രൈം നമ്പർ 501/17.

വിപിൻകുമാർ പ്രതിയായി വേറെയും നാലു കേസുകളുണ്ട്. വിപിൻകുമാർ പരാതിക്കാരനായ 518/17 എന്ന കേസിൽ 1,80,000 രൂപ നഷ്ടപരിഹാരവും വാങ്ങിയെടുത്തു. വിപിൻകുമാറിന്റെ അച്ഛൻ വിജയകുമാർ പ്രതിയായി ഏഴും വാദിയായി ഒരു കേസും വേറെ. അവിടം കൊണ്ടും തീരുന്നില്ല, കേസുകളിലെ കുടുംബ ബന്ധം. വിജയകുമാറിന്റെ മകൾ വിജി, വിജിയുടെ ഭർത്താവ് വിജോയി എന്നിവർ വാദിയും പ്രതിയുമായൊക്കെ കേസുകളുണ്ട്. വിജിയുടെ കാറും വിജോയുടെ ബൈക്കുമൊക്കെ അപകടമുണ്ടാക്കിയ വാഹനങ്ങളായി രേഖകളിൽ മാറി. വിജിയുടെ KL 19 H 2258 എന്ന നമ്പരിലെ കാർ രണ്ടു കേസുകളിലുണ്ട്. വിജിയുടെ ഭർത്താവ് വിജോയി പരാതിക്കാരനായി ഒരു കേസും പ്രതിയായി മൂന്നും കേസുകളും.

കുറ്റിച്ചൽ സ്വദേശി പൊന്നയ്യന്റെ മകൻ അശോകൻ പ്രതിയായി നാലു കേസുകളും പരാതിക്കാരനായി ഒരു കേസുമുണ്ട്. അശോകന്റെ ഭാര്യ ബിന്ദുവാണ് മറ്റൊരു കേസിലെ പരാതിക്കാരി. അമ്പൂരി സ്വദേശി ഷീബയുടെ പേരിലുമുണ്ട് വാദിയായി അഞ്ചു കേസ്. വെള്ളനാട് സ്വദേശി ഹാരിസിന്റെ മകൻ അരുൺ കുമാറാണ് തട്ടിപ്പ് കഥയിലെ മറ്റൊരു കഥാപാത്രം. പല കേസുകളിലും വാദിയായും പ്രതിയായും വാഹന ഉമടയായുമൊക്കെ അരുൺ കുമാറുമുണ്ട്. പല കേസുകളിലേയും പ്രതികൾക്ക് രണ്ടു പേരുണ്ട്. ഒരാളുടെ പേരിലുള്ള മെഡിക്കൽ രേഖകൾ മറ്റൊരാളുടെ പേരിലാക്കി ആൾമാറാട്ടം തട്ടിപ്പു നടത്തിയെന്നും ഹർജിയിൽ ആരോപിക്കുന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തിരുവനന്തപുരം ജില്ലയിലെ ഒരു പ്രദേശത്തു മാത്രം നടന്ന തട്ടിപ്പിന്റെ വിവരങ്ങൾ‌ മാത്രമാണിത്. സംസ്ഥാന വ്യാപകമായി നടക്കുന്ന ഇത്തരം തട്ടിപ്പിലൂടെ കോടികളാണ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്ന് അടിച്ചുമാറ്റുന്നത്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
News18 Investigation| മുകുന്ദൻ ഉണ്ണി ഒറിജിനൽ! ഇല്ലാത്ത അപകടങ്ങളുടെ പേരിൽ കോടികളുടെ ഇൻഷുറൻസ് തട്ടിപ്പ്; പിന്നിൽ‌ വൻ സംഘം
Open in App
Home
Video
Impact Shorts
Web Stories