ദശരഥും ഭാര്യ ലക്ഷ്മിയുമാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൾ നക്കാല സുരേഖയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഗറെഡ്ഡിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇവർ നഴ്‌സായി ജോലി ചെയ്തിരുന്നതായി പോലീസ് പറയുന്നു. അമിതമായ അളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചാണ് സുരേഖ മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ജോലിസ്ഥലത്ത് വച്ച് പരിചയപ്പെട്ട ഒരു യുവാവുമായി സുരേഖ സൗഹൃദത്തിലായതായും പിന്നീട് ഈ ബന്ധം പ്രണയത്തിലേക്ക് വഴിമാറിയെന്നും പോലീസ് അറിയിച്ചു. ഈ ബന്ധം മാതാപിതാക്കൾ എതിർത്തതാണ് കൊലയ്ക്ക് കാരണം. മാതാപിതാക്കൾ ഒരിക്കലും തന്റെ പ്രണയ ബന്ധം അംഗീകരിക്കില്ലെന്ന ഭയം കാരണം സുരേഖ കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
advertisement
അടുത്തിടെ കുടുംബം സുരേഖയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചിരുന്നുവെന്നും ഇത് അവരുടെ മാനസിക സമ്മർദ്ദം വർദ്ധിപ്പിച്ചതായും പോലീസ് പറയുന്നു. ഇതാണ് മാതാപിതാക്കളുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്.
കൊല്ലപ്പെട്ട ദമ്പതികൾക്ക് സുരേഖയടക്കം നാല് മക്കളാണുള്ളത്. ഒരു മകനും മൂന്ന് പെൺമക്കളും. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പുവരെ വീട്ടിൽ എല്ലാം സാധാരണമായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറയുന്നു. രാത്രി ഉറങ്ങാൻ പോകുന്നതിന് മുമ്പ് കുത്തിവെപ്പ് എടുക്കുമെന്ന് സുരേഖ മാതാപിതാക്കളോട് പറഞ്ഞിരുന്നുവെന്നും അമിതമായ അളവിൽ അനസ്‌തേഷ്യ മരുന്ന് കുത്തിവച്ചതായും പോലീസ് സംശയിക്കുന്നു. ഇതാണ് ദമ്പതികളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
പിറ്റേന്ന് രാവിലെ സഹോദരൻ അശോകിനെ വിളിച്ച് മാതാപിതാക്കൾ ബോധരഹിതരായി വീണതായി സുരേഖ അറിയിച്ചു. വീട്ടിലേക്ക് ഓടിയെത്തിയ അശോക് ജീവനില്ലാതെ കിടക്കുന്ന മാതാപിതാക്കളെയാണ് കണ്ടത്. ഇതിൽ സംശയം തോന്നി അദ്ദേഹം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സംഭവസ്ഥലത്തെത്തി കേസെടുത്തു. തെളിവുകളും ശേഖരിച്ചു.
ചോദ്യം ചെയ്യലിൽ സുരേഖ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. കുത്തിവെക്കാനായി ഉപയോഗിച്ച മരുന്നും മറ്റും പോലീസ് പിടിച്ചെടുത്ത് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. ഇരട്ടകൊലപാതകത്തിന് പിന്നിലെ കാരണം പ്രണയനൈരാശ്യമാണെന്നും പോലീസ് സ്ഥരീകരിച്ചു.
