നിയന്ത്രണം നഷ്ടപ്പെട്ട് അപകടത്തിൽപ്പെട്ട ഇന്നോവ റോഡിലുണ്ടായിരുന്ന മറ്റ് രണ്ട് വാഹനങ്ങളിലേക്കും ഇടിച്ചുകയറുകയായിരുന്നു. ചകർബതയിൽ നിന്നുള്ള വസ്ത്ര വ്യാപാരി ജാക്കി ഗേഹിയാണ് (31) അപകടത്തില്‍ മരണപ്പെട്ടയാളെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ച അര്‍ദ്ധരാത്രിയിൽ നടന്ന ഒരു പാര്‍ട്ടിയിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു അദ്ദേഹം. സുഹൃത്ത് ആകാഷ് ചന്ദാനിയാണ് ഇദ്ദേഹത്തെ കൂട്ടികൊണ്ടുപോകാനായി എത്തിയത്. ആകാഷിനൊപ്പം പങ്കജ് ചോപ്രയെന്ന മറ്റൊരു സുഹൃത്തും ഇദ്ദേഹത്തെ കൂട്ടാനായി ഇന്നോവയില്‍ എത്തിയിരുന്നു.
ആകാഷ് ആണ് ഇന്നോവ ഓടിച്ചിരുന്നത്. പങ്കജ് ഇദ്ദേഹത്തോടൊപ്പം മുന്‍ സീറ്റില്‍ ഇരിക്കുകയായിരുന്നു. ജാക്കി ഗേഹി വണ്ടിയില്‍ പുറകിലാണ് ഇരുന്നിരുന്നതെന്നും പോലീസ് വ്യക്തമാക്കി. തിങ്കളാഴ്ച ബിലാസ്പൂര്‍-റായ്പൂര്‍ ഹൈവേയിലാണ് സംഭവം നടക്കുന്നത്. ഓടികൊണ്ടിരിക്കുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്ന് ആകാഷ് മുറുക്കാന്‍ തുപ്പുകയായിരുന്നു. എന്നാല്‍ ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഒന്നിലധികം തവണ വാഹനം കീഴ്‌മേല്‍ മാറിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
advertisement
ഇടിയുടെ ആഘാതത്തില്‍ വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരും തെറിച്ച് പുറത്തേക്ക് വീണു. വാഹനത്തിൽ നിന്നും പുറത്തേക്ക് തെറിച്ച ജാക്കി ശക്തമായാണ് തറയിലേക്ക് ഇടിച്ചുവീണത്. ഡിവൈഡറിന് സമീപത്തുള്ള ഒരു ലോഹഭാഗത്ത് അദ്ദേഹത്തിന്റെ ശരീരം ചെന്നിടിക്കുകയും ചെയ്തു. നെഞ്ചിലും തലയിലും തോളിലുമെല്ലാം അദ്ദേഹത്തിന് ഇടിയുടെ ആഘാതത്തില്‍ മാരകമായി പരിക്കേറ്റു. സംഭവസ്ഥലത്തു തന്നെ ജാക്കി മരണപ്പെട്ടു.
പുറത്തേക്ക് തെറിച്ചുവീണ ആകാഷിനും പങ്കജിനും സാരമായി പരിക്ക് പറ്റിയിട്ടുണ്ട്. നിയന്ത്രണം നഷ്ടപ്പെട്ട ഇന്നോവ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാണിജ്യവാഹനത്തിലേക്കും ഇടിച്ചു കയറിയിരുന്നു. നാലോ അഞ്ചോ തവണ വാഹനം കീഴ്‌മേല്‍ മറിഞ്ഞതായാണ് റിപ്പോര്‍ട്ട്. പിന്നീട് നിര്‍ത്തിയിട്ടിരിക്കുന്ന ഒരു ഏര്‍ട്ടിഗയിലും കൊണ്ടിടിച്ചു. ഇതിലുണ്ടായിരുന്ന ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. വാഹനം റോഡില്‍ ഇടിച്ചുകയറുന്നതും യാത്രക്കാര്‍ പുറത്തേക്ക് തെറിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. വഴിയിലെ മറ്റ് യാത്രക്കാര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചതോടെ അപകടത്തില്‍പ്പെട്ടവരെ പെട്ടെന്നുതന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു.