95 ലക്ഷം രൂപയുടെ ഓൺലൈൻ സ്വർണ നിക്ഷേപ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതികളിൽ രണ്ട് പേരെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.വൻ ലാഭ വിഹിതം വാഗ്ദാനം ചെയ്ത് ആയിരുന്നു പ്രതികൾ പണം ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ച് പണം തട്ടിയെടുത്തത്. പെരുമ്പാവൂർ മാരമ്പള്ളി സ്വദേശികളായ മുഹമ്മദ് അസ്ലം(20) മുഹമ്മദ് അഫ്സൽ(20) എന്നിവരെയാണ് മലപ്പുറം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്.
advertisement
പരാതിക്കാരനായ അധ്യാപകനെ ഗോൾഡ് ട്രെയ്ഡിങ് വഴി പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആയിരുന്നു തട്ടിപ്പ്. വാട്ട്സ്ആപ്പ് നമ്പർ വഴി ആണ് പ്രതികൾ പരാതിക്കാരനെ ബന്ധപ്പെട്ടത്. പരാതിക്കാരനെ ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കുകയും, തുടർന്ന് ഗോൾഡ് ട്രെയ്ഡിങ് നടത്തുന്നതിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൻ്റെ 60% നൽകാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പല തവണകളായി 95 ലക്ഷത്തോളം രൂപ ആണ് പ്രതികൾ തട്ടിയെടുത്തത്.
വിവിധ അക്കൗണ്ടുകളിലേക്ക് ആണ് പ്രതികൾ പണം അയക്കാൻ നിർദ്ദേശിച്ചിരുന്നത്.ഈ തുകയും അതിന് വാഗ്ദാനം ചെയ്ത ലാഭവും തിരികെ ലഭിക്കുന്നതിനായി കൂടുതൽ പണം ആവശ്യപെടുകയും ചെയ്തപ്പോൾ പരാതിക്കാരന് ഇത് തട്ടിപ്പാണെന്ന് മനസിലായത്. തുടർന്ന് ഇദ്ദേഹം നാഷണൽ സൈബർ ക്രൈം പോർട്ടലിൽ പരാതി രജിസ്റ്റർ ചെയ്തു. മലപ്പുറം സൈബർ ക്രൈം പോലീസ് ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായത്.മുഹമ്മദ് അസ്ലമിൻ്റ് ബാങ്ക് അക്കൗണ്ട് ഈ തട്ടിപ്പുമായി നേരിട്ട് ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ബാങ്ക് അക്കൗണ്ട് ഉടമയായ ഇയാളുടെ സുഹൃത്തും ബാങ്ക് അക്കൗണ്ടുകൾ വാടകയ്ക്കെടുത്ത് തട്ടിപ്പ് സംഘത്തിന് കൈമാറുന്ന ഏജന്റുമാണ് മുഹമ്മദ് അഫ്സൽ.
തുടർന്ന് പെരുമ്പാവൂർ പോലീസിന്റെ സഹായത്തോടെ അന്വേഷണത്തിൽ, സ്ഥിരമായി ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് തട്ടിപ്പ് നടത്തി വന്നിരുന്ന ഒരു വലിയ സംഘത്തിലെ കണ്ണികളാണ് ഇവർ രണ്ടുപേരും എന്ന് വ്യക്തമായി. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ചിത്തരഞ്ജൻ ഐ.സി യുടെ നേതൃത്വത്തിൽ ഉള്ള സംഘം ആണ് പ്രതികളെ പിടികൂടിയത്. മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രതികളിൽ നിന്നും 15 എടിഎം കാർഡ്, 15 ചെക്ക് ബുക്ക്, 11 പാസ്സ് ബുക്ക്, 10400 രൂപ എന്നിവ കണ്ടെത്തി.
സൈബർ ടീം അംഗങ്ങളായ എസ്.ഐ നജ്മുദ്ധീൻ, എസ്.സി.പി.ഒ രഞ്ജിത്ത് കെ. ടി, എസ്.സി.പി.ഒ രാജരത്നം, സി പി ഓ അരുൺ കെ, വിഷ്ണു ശങ്കർ , മൻസൂർ അയ്യോളി എന്നിവർ ഉൾപ്പെടുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
