ചെന്താമര ആക്രമിക്കുമെന്ന ഭീതിയിലാണ് തങ്ങൾ കഴിഞ്ഞിരുന്നതെന്നും പ്രദേശവാസികൾ പറയുന്നു. രണ്ടുമാസം മുമ്പാണ് ചെന്താമര ജാമ്യത്തിലിറങ്ങിയത്.
ചെന്താമര നേരത്തെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായി കൊല്ലപ്പെട്ട സുധാകരന്റെ മകള്‍ അഖില പറയുന്നു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാറില്ലെന്നും മാറിത്താമസിക്കുകയായിരുന്നു എന്നും അഖില പറയുന്നു. സുധാകരൻ തമിഴ്നാട്ടിൽ ഡ്രൈവറായി ജോലി നോക്കുകയാണ്. ക്ഷേമനിധി പെൻഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ കഴിഞ്ഞ ഡിസംബർ 29ന് സുരക്ഷ ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ പൊലീസ് പരാതി കാര്യമാക്കിയില്ല എന്നും അഖില പറയുന്നു.
advertisement
ചെന്താമര ജനങ്ങള്‍ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാരുടെ ഒപ്പ് ശേഖരിച്ച് പൊലീസിന് പരാതി നല്‍കിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. ആ പരാതിയും പൊലീസ് അവഗണിച്ചു.
ചെന്താമര സൈക്കോയാണെന്നും പുതിയ വസ്ത്രമിട്ട് വീടിനു മുന്നിലൂടെ പോയാലോ വീട്ടിലേക്ക് നോക്കിയാലോ ഫോൺ ചെയ്താലോ വരെ ഇയാൾ അക്രമാസക്തനാകാറുണ്ടെന്നും നാട്ടുകാർ പറയുന്നു. സുധാകരനെയും അമ്മയെയും കൊലപ്പെടുത്തുന്നതിന് തൊട്ടുമുമ്പ് പരിസരവാസിയായ മറ്റൊരു സ്ത്രീയെയും ഇയാൾ കൊടുവാൾ കാണിച്ച് ഭീഷണിപ്പെടുത്തിയിരുന്നു.
ചെന്താമരയുടെ ഭാര്യയും മകളും ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് പിണങ്ങിപ്പോയിരുന്നു. ഇതിന് കാരണം അയല്‍വാസികളാണെന്ന തരത്തിലായിരുന്നു ചെന്താമരയുടെ പെരുമാറ്റം. ഇയാൾക്കെതിരേ പരാതി നൽകിയപ്പോൾ ജയില്‍ശിക്ഷ കഴിഞ്ഞ് വന്നയാളെ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നായിരുന്നു പൊലീസിന്റെ മറുപടിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.