മുറിവുകളുടെ എണ്ണം കൂടുതലുള്ളതിനാല്‍ 4 മണിക്കൂറോളമെടുത്താണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായത്. എലപ്പുള്ളിയില്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് കൊലപാതകം നടന്നത്. ജുമുഅ നിസ്‌കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്.
advertisement
സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്ഐആറില്‍ പറയുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില്‍ ആസൂത്രണമുണ്ട്. അഞ്ചുപേര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനു ലഭിച്ച വിവരം. എന്നാല്‍ എഫ്‌ഐആറില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
അതേസമയം പാലക്കാട് മേലാമുറിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. 24 മണിക്കൂറിനിടെ പാലക്കാട് ജില്ലയില്‍ നടക്കുന്ന രണ്ടാമത്തെ കൊലപാതകമാണിത്. ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ശ്രീനിവാസനാണ് കൊല്ലപ്പെട്ടത്.
പാലക്കാട്ടെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ആളാണ് ശ്രീനിവാസന്‍. കടയുടെ ഉള്ളില്‍ ഇരിക്കുകയായിരുന്നു ശ്രീനിവാസനെ രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗം സംഘം ആക്രമിച്ചെന്നാണ് ദൃക്സാക്ഷി പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിയോടെ ആയിരുന്നു സംഭവം.
