അതേസമയം, സുബൈറിനെ കൊലപ്പെടുത്തിയ സംഘം ഉപയോഗിച്ച ഒരു കാർ മുമ്പ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കാർ തന്നെ എന്ന് സ്ഥിരീകരിച്ചു. കാർ ആരാണ് ഉപയോഗിക്കുന്നതെന്ന് അറിയില്ലെന്ന് സഞ്ജിത്തിന്റെ പിതാവ് അറുമുഖൻ പറഞ്ഞു. സഞ്ജിത്ത് മരിക്കും മുമ്പ് കാർ കേടായിരുന്നു. അത് നന്നാക്കാൻ വർക് ഷോപ്പിൽ നൽകിയിരിക്കുകയായിരുന്നു. പിന്നീട് തിരികെ വാങ്ങിയിരുന്നില്ല. ഏത് വർക് ഷോപ്പിലെന്നറിയില്ല. താൻ തിരുപ്പൂരിലാണുള്ളത്. സഞ്ജിത്തിന്റെ സഹോദരനും തിരുപ്പൂരിലാണ് ഉള്ളത്. തിരുപ്പൂരിൽ കട നടത്തുകയാണ് സഞ്ജിത്തിന്റെ കാർ സുബൈറിന്റെ കൊലയാളി സംഘം ഉപയോഗിച്ചു എന്ന് വാർത്തകളിലാണറിഞ്ഞത്. സഞ്ജിത്തിന് വലിയ സുഹൃദ് വലയം ഉണ്ട്. അവരാരെങ്കിലുമാണോ ഇതിന് പിന്നിലെന്ന് അറിയില്ലെന്നും അറുമുഖൻ പറഞ്ഞു.
advertisement
ഇക്കാര്യം സഞ്ജിത്തിന്റെ ഭാര്യ അർഷികയും സ്ഥിരീകരിച്ചു. സഞ്ജിത്ത് മരിക്കുന്നതിന് ഒന്നരമാസം മുമ്പ് വർക് ഷോപ്പിൽ നൽകിയിരുന്നു. ഏത് വർക് ഷോപ്പ് എന്നറിയില്ല. മുപ്പതിനായിരത്തിനടുത്ത് ചെലവ് വരുമെന്ന് പറഞ്ഞു. തന്റെ കൈയിലും പണമില്ലായിരുന്നു. സഞ്ജിത്തിന്റെ മരണശേഷം കാറിനെക്കുറിച്ച് അന്വേഷിച്ചില്ല എന്നും അർഷിക പറഞ്ഞു.
അതേസമയം, സുബൈറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് എഫ്‌ഐആറിൽ പറയുന്നു. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള സംഘടിത ആക്രമണമാണ് നടന്നത്. സംഭവത്തില്‍ ആസൂത്രണമുണ്ട്. അഞ്ചുപേർ കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതായാണ് പൊലീസിനു ലഭിച്ച വിവരം. എന്നാൽ എഫ്ഐആറില്‍ ആരെയും പ്രതിചേര്‍ത്തിട്ടില്ല.
സുബൈറിന്റെ പിതാവ് അബൂബക്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എഫ്ഐആർ. ഇന്നു രാവിലെ പത്തു മണിയോടെ പോസ്റ്റ്‌മോർട്ടം നടപടികൾ ആരംഭിക്കും. വൈകിട്ട് എലപ്പുള്ളിയിലാണ് കബറടക്കം.
Also Read- SDPI പ്രവർത്തകന്റേത് രാഷ്ട്രീയ കൊലപാതകം തന്നെയെന്ന് പാലക്കാട് എസ്.പി; അന്വേഷണത്തിന് പ്രത്യേക സംഘം
എലപ്പുള്ളിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെയാണ് കൊലപാതകം നടന്നത്. ജുമുഅ നിസ്കാരത്തിനുശേഷം പിതാവിനൊപ്പം ബൈക്കില്‍ മടങ്ങുകയായിരുന്നു സുബൈര്‍. ഈ സമയം കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ച് തെറിപ്പിച്ച ശേഷം വീണ് കിടന്ന സുബൈറിനെ വെട്ടുകയായിരുന്നു. കൈകളിലും കാലിലും തലയിലുമാണ് വെട്ടേറ്റത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.
