കേസില്‍ നാല് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുന്നങ്കാട് സ്വദേശികളായ വിഷ്ണു, സുനീഷ്, ശിവരാജൻ, സതീഷ് എന്നിവരാണ് അറസ്റ്റിലായത്. ഷാജഹാനെ കൊലപ്പെടുത്തിയ സംഘത്തിൽ ഉണ്ടായിരുന്നവരാണിവർ.
ബിജെപി അനുഭാവികളായ 8 പേർ രാഷ്ട്രീയ വിരോധം മൂലം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയതെങ്കിലും പിടിയിലായ പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം പോലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
Also Read- പാലക്കാട് കൊലപാതകം: നാലു പേർ അറസ്റ്റിൽ; 2019 മുതൽ പ്രതികൾക്ക് ഷാജഹനോട് വിരോധമുണ്ടെന്ന് പൊലീസ്
advertisement
കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരൻ കൊട്ടേക്കാട് കാളിപ്പാറ സ്വദേശി നവീൻ (28), ഷാജഹാനെ വെട്ടിവീഴ്ത്തിയ സംഘത്തിലെ കൊട്ടേക്കാട് കുന്നങ്കാട് സ്വദേശികളായ ശബരീഷ് (30), അനീഷ് (29), സുജീഷ് (27) എന്നിവരെ ബുധനാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ രാഖി കെട്ടിയതുമായും ഗണേശോത്സവത്തിന്റെ ഫ്ലെക്സ് ബോർഡ് വച്ചതുമായും ബന്ധപ്പെട്ട് ഈയിടെ തർക്കമുണ്ടായിരുന്നു. 14-ാം തിയതി പകല്‍ ഒന്നാം പ്രതി നവീനുമായി തർക്കമുണ്ടായെന്നും അന്നു രാത്രിയാണു കൊലപ്പെടുത്തിയതെന്നും ജില്ലാ പൊലീസ് മേധാവി ആർ.വിശ്വനാഥ് പറഞ്ഞിരുന്നു.
Also Read- ഷാജഹാൻ വധം: കൊലയാളികൾ അടുത്തിടെ പാർട്ടിവിട്ടവരും ബി ജെ പി പ്രവർത്തകരുമെന്ന് ദൃക്സാക്ഷി
ഷാജഹാൻ 2019ൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായതിന് ശേഷമുള്ള പ്രവർത്തനങ്ങളിൽ പ്രതികൾക്ക് അതൃപ്തിയും വ്യക്തിവിരോധവുമുണ്ടായിരുന്നു. ആദ്യം അകൽച്ചയായിരുന്നെങ്കിലും പിന്നീടത് ശത്രുതയായി. ഇവർ പാർട്ടി പ്രവർത്തനത്തിൽ നിന്നുൾപ്പെടെ മാറി നിന്നതായും പോലീസ് പറഞ്ഞു.
ഒന്നാം പ്രതി നവീനെ പൊള്ളാച്ചിയിൽ നിന്നും മറ്റു 3 പ്രതികളെ മലമ്പുഴ കവ വനമേഖലയോടു ചേർന്നുള്ള കോഴിമലയിലെ കുന്നിനു മുകളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ഉപയോഗിച്ച 3 വാളുകൾ കോരയാർപ്പുഴയുടെ തീരത്ത് പാടത്തോടു ചേർന്ന് ഒളിപ്പിച്ച നിലയിൽ തെളിവെടുപ്പിനിടെ കണ്ടെത്തി.