അക്രമികൾ ഉപേക്ഷിച്ച കാർ മുൻപ് കൊല്ലപ്പെട്ട ആർഎസ്എസ് പ്രാദേശിക നേതാവ് സഞ്ജിത്തിൻ്റേതാണെന്നും എസ് പി പറഞ്ഞു. വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു. സുബൈറിൻ്റെ പോസ്റ്റ്മോർട്ടം നാളെ നടക്കും.
എലപ്പുള്ളി കുപ്പിയോട് വെച്ചാണ് സുബൈറിനെ വെട്ടിക്കൊലപ്പെടുത്തുന്നത്. സമീപത്തെ പള്ളിയിൽ നിന്നും നമസ്ക്കാരം കഴിഞ്ഞ് പിതാവ് അബൂബക്കറിനൊപ്പം ബൈക്കിൽ വീട്ടിൽ പോവുകയായിരുന്ന സുബൈറിനെ എതിർ ദിശയിൽ രണ്ടു കാറുകളിലായെത്തിയ അക്രമികൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ആദ്യമെത്തിയ കാർ ബൈക്കിടിച്ച് വീഴ്ത്തി, രണ്ടാമത്തെ കാറിലെത്തിയ അക്രമികൾ സുബൈറിനെ വെട്ടി. ഒപ്പമുണ്ടായിരുന്ന പിതാവ് ബൈക്കിൽ നിന്ന് തെറിച്ചുവീണെങ്കിലും സുബൈറിനെ മാത്രമാണ് വെട്ടിയത്. നാട്ടുകാർ ആദ്യം കരുതിയത് കാറിടിച്ച് പരുക്കേറ്റുവെന്നാണ്. പിന്നീടാണ് കൊലപാതകമാണെന്ന് മനസ്സിലായതെന്ന് സുബൈറിനെ ആശുപത്രിയിലെത്തിച്ച സലിം പറഞ്ഞു.
advertisement
ഒരു കാർ സംഭവസ്ഥലത്ത് ഉപേക്ഷിച്ചാണ് അക്രമികൾ രക്ഷപ്പെട്ടത്. ഉപേക്ഷിക്കപ്പെട്ട കാർ മുൻപ് കൊല്ലപ്പെട്ട സഞ്ജിത്തിൻ്റേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് ആണെന്ന് പോപ്പുലർ ഫ്രണ്ട് ആരോപിച്ചു. എന്നാൽ ആരോപണം ആർ എസ് എസ് നിഷേധിച്ചു.
'ബിജെപിക്കോ സംഘപരിവാറിനോ ബന്ധമില്ല'
പോപ്പുലർ ഫ്രണ്ട് നേതാവ് സുബൈറിന്റെ കൊലപാതകത്തിൽ ബിജെപിക്കോ, സംഘപരിവാറിനോ ബന്ധമില്ലെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ.
കൊലചെയ്യപ്പെട്ട സുബൈർ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ്. കൊലപാതകശ്രമം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതിയായിട്ടുള്ള വ്യക്തിയാണ് സുബൈർ. ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധമുണ്ട്. പുതുശ്ശേരി കസബ പോലീസ് സ്റ്റേഷനിലും പാലക്കാട് ജില്ലയിലെ മറ്റ് പോലീസ് സ്റ്റേഷനുകളിലും നിരവധി കേസുകൾ സുബൈറിന്റെ പേരിലുണ്ട്. രാഷ്ട്രീയ കേസ്സുകൾ അല്ലാതെ നിരവധി ക്വട്ടേഷൻ സംഘവുമായി ബന്ധപ്പെട്ട് കേസുകളുണ്ട്. 2012 ൽ ഡിവൈഎഫ്ഐ പ്രാദേശിക നേതാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് കൊലചെയ്യപ്പെട്ട സുബൈർ എന്നും കൃഷ്ണകുമാർ പറഞ്ഞു.
