പാലക്കാട്: എസ്.ഡി.പി.ഐ (SDPI) പ്രവർത്തകൻ സുബൈറിന്റെ (Subair) കൊലപാതകവുമായി ബന്ധപ്പെട്ട് നിർണായക വിവരം പുറത്ത്. സുബൈറിനെ കൊലപ്പെടുത്താൻ വന്ന സംഘം ഉപയോഗിച്ച ഹ്യുണ്ടായ് ഇയോൺ കാറിന്റെ നമ്പർ, മാസങ്ങൾക്ക് മുൻപ് കൊല്ലപ്പെട്ട ബിജെപി- ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തി. ഈ കാർ കൊലയാളി സംഘം കുത്തിയതോട് തന്നെ ഉപേക്ഷിച്ചിരുന്നു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു.
രണ്ടുകാറുകളിലാണ് അക്രമി സംഘമെത്തിയത്. കെ എൽ 11 എ ആർ 641 എന്ന നമ്പറിലുള്ള ഇയോൺ കാർ ഉപയോഗിച്ചാണ് സുബൈറും പിതാവും സഞ്ചരിച്ച ബൈക്കിനെ അക്രമികൾ ഇടിച്ചുവീഴ്ത്തിയത്. പിന്നീട് കുത്തിയതോട് തന്നെ ഈ കാർ പ്രതികൾ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പൊലീസ് പരിശോധനയിലാണ് ഈ കാർ സഞ്ജിത്തിന്റേതാണെന്ന് വ്യക്തമായത്. ഇയോൺ കാറിന് പുറമെ ഗ്രേ നിറത്തിലുള്ള വാഗൺ ആർ കാറുമാണ് അക്രമി സംഘം ഉപയോഗിച്ചത്. ഗ്രേ കളർ വാഗൺ ആർ കാറിൽ പ്രതികൾ രക്ഷപ്പെട്ടതായാണ് സംശയം.
പാലക്കാട് എലപ്പുള്ളിയിലാണ് സുബൈറിനെ ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ വെട്ടിക്കൊലപ്പെടുത്തിയത്. കുത്തിയതോട് സ്വദേശിയാണ് കൊല്ലപ്പെട്ട സുബൈർ (47). രാഷ്ട്രീയ വൈര്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് സംശയം. പൊലീസ് അന്വേഷണം ആരംഭിച്ചു.
Related News-
SDPI പ്രവർത്തകൻ സുബൈറിനെ വെട്ടിയത് ജുമുഅ കഴിഞ്ഞ് പിതാവിനൊപ്പം മടങ്ങുംവഴി; പിന്തുടർന്നത് രണ്ടു കാറുകൾ
പള്ളിയിൽ നിന്ന് ജുമുഅ നിസ്കാരത്തിന് ശേഷം പിതാവിനൊപ്പം ബൈക്കിൽ മടങ്ങുകയായിരുന്നു സുബൈർ. കാറിലെത്തിയ സംഘം ബൈക്ക് ഇടിച്ചുവീഴ്ത്തി. തുടർന്ന് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സുബൈറിന്റെ പിതാവിന് ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റിട്ടുണ്ട്. നിരവധി തവണ സുബൈറിനെ വെട്ടിയതായാണ് വിവരം. സുബൈറിന്റെ ശരീരത്തിൽ നിരവധി വെട്ടുകളേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട് ആർ എസ് എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പകവീട്ടലാണോ ഇതെന്ന് സംശയം ഉയർന്നിട്ടുണ്ട്. സുബൈറിനെ തന്നെ ലക്ഷ്യമിട്ടാണ് അക്രമി സംഘം എത്തിയത്. ഇദ്ദേഹത്തിന്റെ പിതാവിനെ അക്രമികൾ ആക്രമിച്ചിട്ടില്ല. പാലക്കാട് എലപ്പുള്ളി ജങ്ഷനിൽ പട്ടാപ്പകൽ നടന്ന കൊലപാതകം നാടിനെ നടുക്കിയിരിക്കുകയാണ്.
ആർഎസ്എസ് നേതാവ് സഞ്ജിത് കൊല്ലപ്പെട്ട സ്ഥലമാണ് എലപ്പുള്ളി. ഇതുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം നിലവിലെ സംഭവങ്ങൾക്ക് ഉണ്ടോ എന്നതിൽ വ്യക്തതയില്ല. സഞ്ജിത് വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്ത അഞ്ചു പേരുൾപ്പെടെ പതിനൊന്നു പേരാണ് കേസിൽ അറസ്റ്റിലായിട്ടുള്ളത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.