വിവരം ലഭിച്ചയുടനെ തന്നെ പോലീസ് നടപടിയെടുക്കാൻ തയ്യാറായി. സംഭവസ്ഥലത്ത് പെട്ടെന്ന് തന്നെ എത്തിയെങ്കിലും വിളിച്ചയാളെ അവിടെ കണ്ടെത്താൻ സാധിച്ചില്ല. കോൾ ലഭിച്ച നമ്പറിലേക്ക് തിരികെ വിളിക്കാൻ പല തവണ ശ്രമിച്ചെങ്കിലും അത് സ്വിച്ചോഫാണെന്ന് വ്യക്തമായിരുന്നു. സംഭവം ഗുരുതരമായ വിഷയമാണെന്ന് മനസ്സിലാക്കി കാര്യമായ അന്വേഷണത്തിന് തന്നെ പോലീസ് തുടക്കമിട്ടു. തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തൽ അത്ര ചെറിയ കാര്യമല്ലെന്ന് പോലീസുകാർക്ക് വ്യക്തമായിരുന്നു.
എന്നാൽ മണിക്കൂറുകൾ നീണ്ട അന്വേഷണത്തിനൊടുവിലും പരാതിയുമായി ബന്ധപ്പെട്ട് പോലീസിന് ഒരു തുമ്പും ലഭിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെയും ചുമതലപ്പെടുത്തി. ഈ സംഘം അന്വേഷിച്ചിട്ടും കൂടുതൽ തെളിവുകളൊന്നും തന്നെ കണ്ടെത്താൻ സാധിച്ചില്ല.
advertisement
അന്വേഷണം തുടങ്ങിയതിന് പിറ്റേദിവസം, അതായത് ജൂലൈ 23ന് ഫോണിൽ വിളിച്ചയാളെ കണ്ടെത്താൻ പോലീസിന് സാധിച്ചു. ഇയാളെ ചോദ്യം ചെയ്യപ്പോഴാണ് സംഭവത്തിൻെറ സത്യാവസ്ഥ ബോധ്യപ്പെട്ടത്. ജോലി കഴിഞ്ഞ ശേഷം വൈകീട്ട് മുണ്ട്ക റെഡ് ലൈറ്റ് വഴി വില്ലേജ് കരാലയിലുള്ള തൻെറ വീട്ടിലേക്ക് മോട്ടോർ സൈക്കിളിൽ പോവുകയായിരുന്നു ഇയാൾ. പിറകിൽ നിന്ന് വെള്ളകാറിൽ വന്ന ഒരാൾ അഴുക്കുവെള്ളം തെറിപ്പിച്ച് കടന്ന് പോയി. അഴുക്കുവെള്ളം തെറിച്ചതോടെ പരാതിക്കാരൻെറ വസ്ത്രം മുഴുവൻ വൃത്തികേടായി. അയാളെ അങ്ങനെ വെറുതെ വിടരുതെന്ന് തീരുമാനിച്ചാണ് താൻ പോലീസിനെ വിളിച്ചതെന്നും പരാതിക്കാരൻ പോലീസിനോട് വ്യക്തമാക്കി.
“ശരീരത്തിലും വസ്ത്രത്തിലും അഴുക്കായതോടെ അയാൾക്ക് ദേഷ്യം വന്നു. കാറോടിച്ച് പോയയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് തീരുമാനിച്ചു. ഗുരുതരമായ കേസിൽ പെടുത്തി പോലീസിനെക്കൊണ്ട് പിടിപ്പിക്കാനായിരുന്നു ഉദ്ദേശം. പെട്ടെന്ന് തന്നെ ഒരു വ്യാജപരാതി പറയാൻ പിസിആറിൽ വിളിച്ചു. പിന്നീട് ഫോൺ സ്വിച്ചോഫ് ചെയ്ത് വെക്കുകയും ചെയ്തു,” ഡിസിപി പറഞ്ഞു.
ഏതായാലും കാറോടിച്ച് വെള്ളം തെറിപ്പിച്ച് പോയയാളെ പിന്നീട് പോലീസിന് തിരയേണ്ടി വന്നില്ല. അനാവശ്യ പരാതി അറിയിച്ച് പോലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതിന് ഇപ്പോൾ പരാതിക്കാരൻ പിടിയിലായിരിക്കുകയാണ്. ഇന്ത്യൻ പീനൽ കോഡ് സെക്ഷൻ 182 പ്രകാരം ഇയാൾക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഗ്യാസ് ഏജൻസിയിൽ മെക്കാനിക്കായി ജോലി ചെയ്ത് വരികയായിരുന്നു പരാതിക്കാരൻ. ഗൌരവമുള്ള കേസുകളും പരാതികളും പരിഹരിക്കുന്നതിന് ചെലവഴിക്കേണ്ട പോലീസിൻെറ വിലപ്പെട്ട സമയമാണ് ഇയാൾ അപഹരിച്ചത്.
