കേസിലെ ഒന്നാം പ്രതി റോയ് കൊട്ടാരച്ചിറ ആലപ്പുഴ പ്രസ്സ് ക്ലബ് പ്രസിഡന്റും, രണ്ടും മൂന്നും പ്രതികളായ ബിനീഷ് പുന്നപ്ര, സജിത്ത് എന്നിവര്‍ പ്രസ്സ് ക്ലബ് അംഗങ്ങളുമാണ്. മൂന്നാം പ്രതിയായ സജിത്തിന്റെ ഡ്രൈവറാണ് നാലാം പ്രതി മനോജ് കുമാര്‍.
പ്രസ് ക്ലബ് ആലപ്പുഴ, കെയുഡബ്‌ള്യുജെ ആലപ്പുഴ, ആലപ്പുഴ മാപ്രാസ് എന്നീ വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ അധിക്ഷേപം നടത്തിയതായാണ് മാധ്യമപ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയും ഒന്ന് മുതൽ 3 വരെയുള്ള പ്രതികളും എല്ലാ വാട്സാപ്പ് ഗ്രൂപ്പുകളിലും നാലാം പ്രതി ആലപ്പുഴ മാപ്രാസ് എന്ന ഗ്രൂപ്പിലും അംഗമാണ്. വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെ പ്രതികള്‍ പല തവണ നടത്തിയ അധിക്ഷേപം തനിക്ക് മാനസിക വിഷമം ഉണ്ടാക്കിയതായാണ് പരാതി.
advertisement
താൻ ഉൾപ്പെടെ നാൽപതോളം അംഗങ്ങൾ ഉണ്ടായിരുന്ന ഗ്രൂപ്പിലായിരുന്നു തനിക്കെതിരെ പ്രതികള്‍ അധിക്ഷേപം നടത്തിയതെന്ന് പരാതിക്കാരി പറഞ്ഞു.
കഴിഞ്ഞ മാസം 7നാണ് കേസിനാസ്പദമായ സംഭവം. 'ഇന്നിവനിരിക്കട്ടെ' എന്ന് അശ്ലീലദ്യോതകമായ അടിക്കുറിപ്പോടെ രണ്ടാം പ്രതി ഒരു പ്രതിമയുടെ ചിത്രം ഗ്രൂപ്പിൽ പോസ്റ്റു ചെയ്തു. മറ്റ് പ്രതികള്‍ ഈ ചിത്രത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തില്‍ കമന്റുകള്‍ ഇടുകയും തന്നെ അധിഷേപിക്കുകയുമായിരുന്നു എന്നാണ് യുവതിയുടെ പരാതി.
ഇത് അശ്ലീലമായി ആയി തോന്നിയതിനാലും അത് വ്യക്തിപരമായി അധിക്ഷേപിക്കാൻ ഉദ്ദേശിച്ച് ഉള്ളതാണ് എന്നും ഗ്രൂപ്പിലെ കുറച്ച് അംഗങ്ങൾ "അശ്ലീലമെന്ന് " ചൂണ്ടിക്കാട്ടി അതിനെതിരെ പ്രതികരിക്കുകയുണ്ടായെങ്കിലും അഡ്മിൻ കൂടെയായ രണ്ടാം പ്രതി ഡീലീറ്റ് ചെയ്യാൻ കൂട്ടാക്കാതെ ആ ചിത്രം തുടർന്നും പോസ്റ്റ് ചെയ്യുകയാണ് ഉണ്ടായത് എന്നും പരാതിയിൽ പറയുന്നു.
ഇത് മാനസികമായി വിഷമം ഉണ്ടാക്കിയതിനാലാണ് പരാതിയുമായി പൊലീസിനെ സമീപിക്കുന്നതെന്ന് പരാതിക്കാരി പറഞ്ഞു.
ഭാരതീയ ന്യായ സംഹിതയിലെ 296 (ബി), 3 (5), കേരള പോലീസ് ആക്ട് 120 (0), ഐടി ആക്ടിലെ 67 (ബി) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.