കോട്ടയം കളത്തിപ്പടിയില ഗിരിദീപം സ്കൂൾ ഹോസ്റ്റലിൽ കഴിഞ്ഞ വ്യാഴാഴ്ചരാത്രി എട്ടിനാണ് സംഭവം. മൂക്കിന് പരിക്കേറ്റെന്ന വിവരം ഹോസ്റ്റൽ അധികൃതർ മറച്ചുവെച്ചെന്നും വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയില്ലെന്നും പിതാവ് ആരോപിച്ചു. ഹോസ്റ്റൽ വാർഡനെതിരേയും മകനെ മർദിച്ച വിദ്യാർഥികൾക്കെതിരേയും കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഇതും വായിക്കുക: കോഴിക്കോട് ബിരിയാണി ഇല്ലെന്ന് പറഞ്ഞതിന് ഹോട്ടലുടമയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു
ചേട്ടാ എന്ന് വിളിക്കാൻ ആവശ്യപ്പെട്ടപ്പോൾ വിദ്യാർത്ഥി 'ബ്രോ' എന്നാണ് വിളിച്ചത്. ഇതിൽ പ്രകോപിതരായ രണ്ട് പ്ലസ് ടു വിദ്യാർത്ഥികളാണ് മൂക്കിനിടിച്ചത്. വ്യാഴാഴ്ച സംഭവം നടന്നെങ്കിലും പുറത്തറിഞ്ഞില്ല. വെള്ളിയാഴ്ച ട്യൂഷനുപോയ വിദ്യാർത്ഥി സുഹൃത്തിന്റെ മൊബൈൽ ഫോണിൽനിന്ന് വിദേശത്തുള്ള പിതാവിനെ വിളിച്ച് കാര്യം അറിയിച്ചു. തുടർന്ന്, ഹോസ്റ്റലിൽ ബന്ധപ്പെട്ടെങ്കിലും അധികൃതർ നിഷേധിച്ചുവെന്ന് പിതാവ് പറഞ്ഞു.
advertisement
നിരന്തരം ആവശ്യപ്പെട്ടതിനെത്തുടർന്ന് ശനിയാഴ്ച കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോകാൻ ഹോസ്റ്റൽ അധികൃതർ നിർബന്ധിതരായി. മൂക്കിൽ പന്തുകൊണ്ടെന്ന് ഡോക്ടറോട് പറയണമെന്ന് ഹോസ്റ്റലിന്റെ ചുമതലക്കാരിലൊരാൾ ആവശ്യപ്പെട്ടു. വിദ്യാർത്ഥി ഡോക്ടറോട് അപ്രകാരം പറഞ്ഞു. പ്രാഥമികപരിശോധനയിൽ കുഴപ്പമൊന്നും കാണാത്തതിനാൽ വിട്ടയച്ചു.
ഇതും വായിക്കുക: ആൺസുഹൃത്തിനെ കൊല്ലാൻ അഥീന കളനാശിനി കലർത്തിയത് റെഡ്‌ബുള്ളിൽ
എന്നാൽ മൂക്കിന് ഇടികൊണ്ടതിനാൽ മകന് എക്സ്റേ എടുക്കണമെന്ന് പിതാവ് പിന്നീട് ആവശ്യപ്പെട്ടു. ഞായറാഴ്ച പിതാവിന്റെ സഹോദരിയും കുടുംബാംഗങ്ങളും ഹോസ്റ്റലിൽ എത്തി. വിദ്യാർത്ഥിയെ മണർകാട് സ്വകാര്യ ആശുപത്രിയിൽ കൊണ്ടുപോയി എക്സ്റേ എടുത്തപ്പോഴാണ് മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടെന്നും ചതവുണ്ടെന്നും വ്യക്തമായത്. തുടർന്ന്, വിദ്യാർത്ഥിയെ ഹോസ്റ്റലിൽനിന്ന് കൂട്ടിക്കൊണ്ടുവന്ന കുടുംബാംഗങ്ങൾ പത്തനംതിട്ടയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മണർകാട്ടെ ആശുപത്രയിൽനിന്നുള്ള വിവരത്തെത്തുടർന്ന് കോട്ടയം ഈസ്റ്റ് പൊലീസ് ചൊവ്വാഴ്ച എത്തി വിദ്യാർത്ഥിയുടെ മൊഴിയെടുത്തു. റിപ്പോർട്ട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് കൈമാറി. ബോർഡിന്റെ തീരുമാനം അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കോട്ടയം ഈസ്റ്റ് പൊലീസ് അറിയിച്ചു.
അതേസമയം, ഹോസ്റ്റലിലെ രണ്ട് സീനിയർ, ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ അടിപിടിയാണ് സംഭവത്തിന് കാരണമെന്നാണ് ഗിരിദീപം ബഥനി സ്കൂൾ അധികൃതർ പറയുന്നത്. പിറ്റേന്ന് സംഭവം അറിഞ്ഞയുടൻ പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടയത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി. ആരോപണവിധേയനായ തിരുവനന്തപുരം സ്വദേശിയായ വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തി പറഞ്ഞുവിട്ടു. ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശിയായ വിദ്യാർത്ഥിയുടെ രക്ഷിതാക്കളെയും ബുധനാഴ്ച വിളിച്ചുവരുത്തി. പൊലീസിന് വിവരങ്ങൾ വിശദമായി കൈമാറിയിട്ടുണ്ടെന്നും സ്കൂൾ അധികൃതർ പറഞ്ഞു.
