2022 ജനുവരി 10 ന് ആണ് കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. അന്ന് രാത്രി കാണക്കാരി ഭാഗത്തുള്ള Angel Used Car Showroom ല്‍ വാഹനം വാങ്ങാനെന്ന വ്യാജേന എത്തി കാറുകൾ പരിശോധിച്ച് വിവരം ശേഖരിക്കുകയും ഷോറൂമിന്റെ രൂപരേഖ മനസ്സിലാക്കിയ ശേഷം ജോസ് മടങ്ങി.രാത്രി ഷോറൂം അടച്ച് ഉടമയും ജീവനക്കാരും പോയതിന് ശേഷം സ്ഥലത്തെത്തിയ പ്രതി ഷോറൂമിന്റെ മുന്‍വശത്തെ ഗ്രില്ലിന്റെ പൂട്ട് പൊളിച്ച് കോമ്പൌണ്ടിനുള്ളില്‍ കയറി മോഷണം നടത്തുകയായിരുന്നു.
ഷട്ടറിന്റെ താഴ് പൊട്ടിച്ച ശേഷം ഷോറൂമിന്റെ ഗ്ലാസ്സ് ഡോര്‍ തകര്‍ത്ത് ഷോറൂമിനുള്ളില്‍ കയറി ഓഫീസ് ക്യാബിന്റെ ഡോര്‍ പൊളിച്ച് ക്യാബിനുള്ളിലെ മേശയ്കുള്ളില്‍ സൂക്ഷിച്ചിരുന്ന കാറിന്റെ താക്കോല്‍ എടുത്തുതാണ് പ്രതി കാറുമായി കടന്ന് കളഞ്ഞത്.
advertisement
മോഷ്ടിച്ച കാറിന്റെ നമ്പര്‍ പ്ലേറ്റ് മാറ്റി വ്യാജ നമ്പര്‍ പ്ലേറ്റ് ഉപയോഗിച്ച് പ്രതി കേരളത്തിൽ വിവിധ സ്ഥലങ്ങളില്‍ മൂന്നു മാസമായി ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു .ഇതിനിടെയാണ് കഴിഞ്ഞ ദിവസം കോലഞ്ചേരിയിലുള്ള സ്വകാര്യ ലോഡ്ജില്‍ നിന്നും പ്രതിയെ തന്ത്രപരമായി പോലീസ് അറസ്റ്റ് ചെയ്തത്.
മോഷ്ടിക്കുന്ന വാഹനങ്ങള്‍ തിരക്കേറിയ ആശുപത്രികളുടേയും മറ്റും പാര്‍ക്കിംഗ് ഏരിയാകളില്‍ ഒളിപ്പിക്കുന്നത് ആണ് ജോസിന്റെ രീതി.പിന്നീട് ഈ വാഹനങ്ങളില്‍ രാത്രികാലങ്ങളില്‍ കറങ്ങി നടന്ന് മലഞ്ചരക്ക് കടകളിലും, ജൂവല്ലറികളിലും, മറ്റ് വ്യാപാര സ്ഥാപനങ്ങളിലും, മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ്. പണത്തിന് അത്യാവശ്യം വരുമ്പോള്‍ അന്യ സംസ്ഥാനങ്ങളില്‍ നിന്നും പുലര്‍ച്ചെ എത്തുന്ന ബസ്സുകളുടെ സമീപത്ത് കാറുമായെത്തി ടാക്‌സിയായി ഓടുന്ന പതിവും പ്രതിക്കുണ്ട് എന്ന് കുറവിലങ്ങാട് പോലീസ് പറയുന്നു.
കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും, തമിഴ് നാട്ടിലും അടക്കം 25 ഓളം കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ എറണാകുളം ചേരാനല്ലൂരില്‍ ജ്വല്ലറി കുത്തിതുറന്ന് ഒരു കിലോ സ്വര്‍ണ്ണം കവര്‍ച്ച ചെയ്ത കേസില്‍ മട്ടാഞ്ചേരി ജയിലില്‍ കഴിഞ്ഞു വരികയായിരുന്നു. ജാമ്യത്തിലിറങ്ങിയാണ് കാണക്കാരിയിലെത്തി കാര്‍ മോഷണം നടത്തിയത്. അടുത്തകാലത്ത് കോട്ടയം ജില്ലയില്‍ രാമപുരം, വൈക്കം, ഏറ്റുമാനൂര്‍, എന്നീ പോലീസ് സ്റ്റേഷനുകളില്‍ പ്രതിക്കെതിരേ നിരവധി കേസുകള്‍ ഉള്ളതാണ്.
വിവാഹം കഴിച്ചിട്ടില്ലാത്ത പ്രതി ഹോട്ടലുകളിലും ലോഡ്ജുകളിലും മാറി മാറി താമസിച്ച് ആളുകള്‍ക്ക് തിരിച്ചറിയാന്‍ അവസരം നല്‍കാതെയാണ് മോഷണം നടത്തി വന്നിരുന്നത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തപ്പോള്‍ കേരളത്തിലും തമിഴ് നാട്ടിലുമായി കൊലപാതക കേസടക്കം 30 ഓളം കേസുകളില്‍ പ്രതിയായിട്ടുള്ളതായി ഇയാള്‍ പോലീസിനോട് വെളിപ്പെടുത്തി. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി.
കോട്ടയം ജില്ലാ പോലീസ് മേധാവി ഡി. ശില്‍പ ഐ.പി.എസ്സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വൈക്കംഡി.വൈ.എസ്.പി, തോമസിന്റെ നിര്‍ദ്ദേശ പ്രകാരം കുറവിലങ്ങാട് എസ് എച്ച് ഒ സജീവ് ചെറിയാന്‍, സബ് ഇന്‍സ്‌പെക്ടര്‍ സദാശിവന്‍ , മനോജ് കുമാര്‍, എ എസ് ഐ മാരായ അജി ആര്‍, സാജുലാല്‍, സിനോയിമോന്‍, സിവില്‍ പൊലീസ് ഓഫീസര്‍ മാരായ സുരേഷ് എം കെ, രാജീവ് പി ആര്‍, ഷുക്കൂര്‍, സുധീഷ്, എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് ഇന്നലെ കോലഞ്ചേരിയിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്.