പട്ടിക ജാതി പീഡന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസിൽ വൈക്കം ഡിവൈ എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. കേസിലെ 26 സാക്ഷികളുടെയും മൊഴിയെടുത്തു. സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തില്‍ പരാതിയില്‍ പറയുന്ന ശിക്ഷാര്‍ഹമായ കുറ്റങ്ങള്‍ ചെയ്തിട്ടുള്ളതാണെന്ന് കണ്ടെത്തിയതായി പറയുന്നു. സാക്ഷിമൊഴികളില്‍ അധ്യാപകനെതിരെ പ്രതി ഉപയോഗിച്ച വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ലാത്തവയാണെന്നും ‘നിന്റെ ഒക്കെ ചരിത്രം പറഞ്ഞാല്‍ നാറുമെന്നും’ പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു. പട്ടിക ജാതി പീഡന നിരോധന കേസ് കൈകാര്യം ചെയ്യുന്ന കോട്ടയം ജില്ലാ സെഷന്‍ കോടതി മുന്‍പാകെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
advertisement
ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോളേജ് സ്റ്റാഫ് യോഗത്തില്‍ പ്രിന്‍സിപ്പാള്‍ അധ്യാപകനെ ജാതീയമായി അധിക്ഷേപിച്ചു എന്നായിരുന്നു പരാതി. പട്ടിക ജാതി പീഡന നിരോധന നിയമം 3(1)r പ്രകാരം വെള്ളൂര്‍ പോലീസാണ് കേസെടുത്ത് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ദ്വയാര്‍ത്ഥ പ്രയോഗമുള്ള വാക്കുപയോഗിച്ച് പരാതിക്കാരനെയും കുടുംബത്തെയും അപമാനിച്ചതായി മൊഴികളില്‍ പറയുന്നു. തുടക്കം മുതല്‍ കേസ് ഇല്ലാതാക്കുവാനുള്ള ശ്രമങ്ങള്‍ ഉന്നത സി.പി.എം നേതാക്കളുടെ ഭാഗത്തു നിന്നും ഉണ്ടായതായി ആരോപണം ഉയർന്നിരുന്നു. പട്ടിക ജാതി പീഡന നിരോധന കേസുകളില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് നിയമം. എന്നാല്‍ പത്ത് മാസത്തിനു ശേഷമാണ് കുറ്റപത്രം കോടതിയുടെ മുന്നില്‍ വരുന്നത്.
വൈക്കത്തെ മുതിര്‍ന്ന സി.പി.എം നേതാവ് കേസന്വേഷണം തടസപ്പെടുത്താന്‍ രാഷ്ട്രീയ സമ്മര്‍ദ്ദം ചെലുത്തി എന്ന് ആക്ഷേപം ഉയർന്നുവന്നിരുന്നു. കേസന്വേഷണം വൈകിപ്പിക്കുന്നുവെന്ന് കാണിച്ച് പരാതിക്കാരന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും പട്ടിക ജാതി കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സി.എം.കുസുമന്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പരാതി നിലനില്‍ക്കുന്നതാണെന്നും അന്വേഷണം നടത്തി റിപ്പോര്‍ട്ട് 21 ദിവസത്തിനകം നല്‍കാന്‍ ജസ്റ്റിസ് ബദറൂദ്ദീന്‍ ഉത്തരവായി.ഇതോടെയാണ് വേഗത്തിൽ കുറ്റപത്രം തയ്യാറാക്കി പോലീസ് കോടതിയിൽ സമർപ്പിച്ചത്.
പരാതി നല്‍കിയ ശേഷം ഒറ്റപ്പെടുത്തലും മാനസികപീഡനവും ഉണ്ടാകുന്നതായി കാണിച്ച് അധ്യാപകന്‍ പട്ടിക ജാതി കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. പ്രിന്‍സിപ്പളായ കുസുമനെതിരെ നിരവധി പരാതികള്‍ ദേവസ്വം ബോര്‍ഡിന് ലിഭിക്കുന്നുണ്ട്. കോളേജിലെ അനധികൃത നിയമനം, ഫണ്ട് ദുര്‍വിനിയോഗം വിദ്യാര്‍ത്ഥികളോടും അധ്യാപകരോടുമുള്ള മേശമായ പെരുമാറ്റം എന്നിവയെക്കുറിച്ചുള്ള പരാതിയെ തുടര്‍ന്ന് ദേവസ്വം ബോര്‍ഡ് സ്‌പെഷ്യല്‍ എഡ്യൂക്കേഷന്‍ ഓഫീസര്‍ കോളേജില്‍ വന്ന് അന്വേഷണം നടത്തി ജീവനക്കാരുടെ മൊഴിയെടുത്തിരുന്നു.