നാട്ടുകാരുടെ സഹായത്തോടെയാണ് അമ്മ മകളെ കണ്ടെത്തിയത്. പഴക്കച്ചവടത്തിനായി ഇവർ ചിറ്റൂരിൽ നിന്ന് മിനിവാനിൽ തമിഴ്നാട്ടിലേക്ക് വരികയായിരുന്നു. സംഭവത്തില്‍ പൊലീസ് കോൺസ്റ്റബിളുമാരായ സുരേഷ് രാജ്, സുന്ദർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആന്ധ്രാപ്രദേശിൽ നിന്ന് മിനി വാനിൽ വാഴക്കുല കയറ്റി വന്ന ബന്ധുവിനോട്, ക്ഷേത്രത്തിൽ പോകാനായി ലിഫ്റ്റ് ചോദിച്ചാണ് അമ്മയും മകളും കയറിയത്. തിരുവണ്ണാമലൈയിലെ ഏന്തൾ ബൈപ്പാസ് റോഡിനടുത്തെത്തിയപ്പോൾ, അവിടെ പട്രോളിങ്ങിലുണ്ടായിരുന്ന പോലീസുകാർ വാഹനം തടഞ്ഞു പരിശോധിക്കുകയായിരുന്നു.
വാനിൽ നിന്ന് താഴെയിറങ്ങാനും പരിശോധന നടത്തേണ്ടതുണ്ടെന്നും പൊലീസുകാർ സ്ത്രീകളോട് പറഞ്ഞു. ആന്ധ്രയിൽ നിന്ന് ക്ഷേത്രദർശനത്തിനായി ബന്ധുവിന്റെ വാഹനത്തിൽ ലിഫ്റ്റ് ചോദിച്ച് വരുന്നതാണെന്ന് അവർ പറഞ്ഞു. ഇത് കേട്ടതോടെ "ഞങ്ങൾ നിങ്ങളെ ക്ഷേത്രത്തിൽ കൊണ്ടാക്കാം" എന്ന് പറഞ്ഞ് ഇരുവരേയും രണ്ട് ബൈക്കുകളിലായി കയറ്റി യാത്ര തിരിച്ചു.
advertisement
തിരുവണ്ണാമലൈ ലക്ഷ്യമാക്കി പോകാതെ വിഴുപ്പുറം റോഡിലൂടെ മൂന്ന് കിലോമീറ്റർ ദൂരം സഞ്ചരിച്ച അവർ, ആളൊഴിഞ്ഞ ഒരിടത്തെത്തിയപ്പോൾ അമ്മയെ മാത്രം റോഡരികിലെ കുഴിയിലേക്ക് തള്ളിയിട്ട് മകളെ തട്ടിക്കൊണ്ടുപോയി. കൺമുന്നിൽ വെച്ച് പോലീസുകാർ സ്വന്തം മകളെ ബൈക്കിൽ തട്ടിക്കൊണ്ടുപോവുന്നത് കണ്ട് ആ അമ്മ തകർന്നുപോയി. മകൾക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ഭയത്തിൽ അവർ നിലവിളിച്ചു ബഹളം വെച്ചു. നിർഭാഗ്യവശാൽ ആ പ്രദേശത്ത് സഹായത്തിന് ആരുമുണ്ടായിരുന്നില്ല.
അതിവേഗം ബൈക്കിൽ സഞ്ചരിച്ച പോലീസുകാർ ആളൊഴിഞ്ഞ കാട്ടുപ്രദേശത്തേക്ക് യുവതിയെ കൊണ്ടുപോയി. പിന്നാലെ ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്തു. തുടർന്ന് പുലർച്ചെ 4 മണിക്ക് യുവതിയെ തിരികെ കൊണ്ടുവന്ന് റോഡിൽ ഇറക്കിവിട്ട് പൊലീസുകാര്‍ രക്ഷപ്പെട്ടു. യുവതിയെ കണ്ട നാട്ടുകാർ 108 ആംബുലൻസ് വഴി ഇരുവരെയും ആശുപത്രിയിലേക്ക് അയക്കുകയും ചെയ്തു. പോലീസുകാർ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവം തിരുവണ്ണാമലയെ നടുക്കി.
ജില്ലാ പോലീസ് സൂപ്രണ്ട് സുധാകറും അഡീഷണൽ പോലീസ് സൂപ്രണ്ട് സതീഷും നേരിട്ട് അന്വേഷണം ഏറ്റെടുത്തു. പീഡനത്തിനിരയായ പെൺകുട്ടിയിൽ നിന്ന് മൊഴിയെടുത്ത ശേഷം, ലൈംഗിക വൈകൃതം കാണിച്ച പോലീസുകാരായ സുരേഷ്, സുന്ദർ എന്നിവർക്കെതിരെ കേസെടുത്ത് രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തു വരികയാണ്. ഇതിനിടെ, പൊലീസുകാരെ സസ്പെൻഡ് ചെയ്തുകൊണ്ട് ജില്ലാ എസ് പി സുധാകർ ഉത്തരവിട്ടു.