ബത്തേരി കൈവട്ടമൂലയിലെ വീടു കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. ഹേമചന്ദ്രനെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളിലൊരാളായ നൗഷാദ് 2 വർഷത്തോളം ഈ വീട് കൈവശം വച്ചിരുന്നു. ഹേമചന്ദ്രൻ ഈ വീട്ടിൽ നൗഷാദിനൊപ്പം വന്നിരുന്നതായാണ് പ്രദേശത്തെ ചിലർ വെളിപ്പെടുത്തുന്നത്. ഹേമചന്ദ്രനെ കൊലപ്പെടുത്തി ചേരമ്പാടി വനത്തിൽ കുഴിച്ചിടുന്നതിനു മുൻപ് ഈ വിട്ടിൽ എത്തിച്ചിരുന്നോ എന്നും ഇവിടെ വച്ചായിരുന്നോ കൊലപാതകമെന്നുമാണ് പ്രധാനമായും പരിശോധിക്കുന്നത്.
ഇതും വായിക്കുക: രണ്ട് നവജാതശിശുക്കളെയും കൊന്നത് അവിവാഹിതയായ അമ്മ; 12 മണിക്കൂർ ചോദ്യംചെയ്യലിൽ കുറ്റംസമ്മതിച്ച് പ്രതികൾ; അറസ്റ്റ്
advertisement
വീട്ടിൽ താമസിച്ചിരുന്ന കുടുംബം ജോലിയുമായി ബന്ധപ്പെട്ട് മലപ്പുറത്തായതിനാൽ അയൽവാസിയായ നൗഷാദിന്റെ കൈവശം താക്കോൽ നൽകി വീട് നോക്കാൻ ഏൽപ്പിക്കുകയായിരുന്നു. മൂന്നുമാസം മുൻപ് വീട്ടുടമസ്ഥരുടെ മാതാപിതാക്കൾ കൈവട്ടമൂലയിലെ വീട്ടിലെത്തി താമസം തുടങ്ങി. അതിനു ശേഷം ഒരു മാസം കഴിഞ്ഞപ്പോൾ നൗഷാദ് ഗൾഫിൽ പോവുകയും ചെയ്തു. 5 സെന്റിൽ 3 കിടപ്പു മുറികളുള്ള വീടാണിത്.
ഊട്ടിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്. സ്ഥലത്തെ കാലാവസ്ഥയുടെ പ്രത്യേകതകൊണ്ട് 40 ശതമാനം മാത്രം അഴുകിയ മൃതദേഹം ഹേമചന്ദ്രന്റേതെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്ക് നൽകിയിട്ടുണ്ട്. 4 ദിവസത്തിനു ശേഷം റിപ്പോർട്ട് ലഭിക്കും. പൊലീസ് നടപടി പൂർത്തിയായതിനു ശേഷമായിരിക്കും മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുക.
അറസ്റ്റിലായ ബത്തേരി നെന്മേനി പാലാക്കുനി സ്വദേശി ജ്യോതിഷ് കുമാർ(35), വള്ളുവാടി കിടങ്ങനാട് സ്വദേശി അജേഷ് (27) എന്നിവരെ കൊലപാതകത്തിന് പ്രേരിപ്പിച്ചത് വിദേശത്തായിരുന്ന നൗഷാദാണെന്ന് പൊലീസ് പറഞ്ഞു. ഇയാൾ ഹേമചന്ദ്രനെ സ്ത്രീകളെ ഉപയോഗിച്ചാണ് കെണിയിൽ വീഴ്ത്തിയതെന്നു വ്യക്തമായിട്ടുണ്ട്. ഇതിനായി കണ്ണൂർ, ഗൂഡല്ലൂർ മേഖലയിലെ 2 സ്ത്രീകളെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. നൗഷാദിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്തശേഷമേ സ്ത്രീകൾക്കെതിരെ പൊലീസ് നടപടിയെടുക്കൂ.