1987 ഓഗസ്റ്റ് 4, പാൽക്കുളങ്ങര സ്വദേശി അബ്ദുൾ ഹക്കിം തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ചുമട്ടുതൊഴിലായായി ജോലി ചെയ്യുന്ന സമയം. അന്ന് ഇവിടെ വിനോദ യാത്രയ്ക്കെത്തി മടങ്ങിയ വിദേശികൾ ബാഗുകൾ കാറിലേയ്ക്ക് എത്തിച്ച് നൽകിയതിന് അബ്ദുൾ ഹക്കിമിനും മറ്റ് തൊഴിലാളികൾക്കുമായി അമേരിക്കയിലെ 100 ഡോളർ പ്രതിഫലമായി നൽകി.
വിദേശികൾ പോയശേഷമാണ് ലഭിച്ചത് വ്യാജ ഡോളറാണെന്ന് മനസ്സിലായത്. ഇതോടെ ഒപ്പമുണ്ടായിരുന്നവരുമായി തർക്കമായി. ഇതിനിടയിലെത്തിയ വലിയതുറ പോലീസ് ഹക്കീമിനെ പിടികൂടുകയും വ്യാജഡോളർ കൈമാറാൻ ശ്രമിച്ചതിന് കേസെടുക്കുകയായും ചയ്തു. ആ സമയം പോലീസിനോട് കാര്യങ്ങൾ വിശദീകരിക്കാൻ ശ്രമിച്ചെങ്കിലും കേസും നടപടികളുമായി മുന്നോട്ടുപോയി. പിന്നീട് 2009ൽ കൊല്ലം അഡീഷണൽ ജില്ലാ കോടതി ഹക്കീമിന് മൂന്നുവർഷം കഠിനതടവും 5000 രൂപ പിഴയും ശിക്ഷ വിധിച്ചു.
advertisement
വ്യാജ ഡോളർ യഥാർത്ഥ ഡോളറാണെന്ന് പറഞ്ഞ് വർഗീസ് എന്നയാൾ കൈമാറാൻ ശ്രമിക്കുകയായിരുന്നു എന്നായിരുന്നു കേസ്. തുടർന്നാണ് വിചാരണക്കോടതി ശിക്ഷിച്ചത്. ഈ വിധിക്കെതിരെ ഹക്കീം ഹൈക്കോടതിയിൽ അപ്പീൽ നൽകി. തനിക്കും ഒപ്പമുണ്ടായിരുന്നു മറ്റ് ചുമട്ടുതൊഴിലാളികൾക്കും ബാഗുകളും മറ്റും ബസിലേയ്ക്ക് എടുത്തുവെച്ച് നൽകിയതിന് പ്രതിഫലമായി വിദേശികൾ നൽകിയതാണ് വ്യാജ ഡോളറെന്ന് അപ്പീലിൽ ചൂണ്ടിക്കാട്ടി. വ്യാജ ഡോളറായിരുന്നു എന്ന് തനിയ്ക്ക് അറിയില്ലെന്നും വ്യക്തമാക്കി.
ഈ വാദം കണക്കിലെടുത്ത കോടതി വ്യാജ ഡോളറാണെന്ന അറിവോടെ കൈവശം വെയ്ക്കുമ്പോഴെ കുറ്റം നിലനിൽക്കുവെന്ന് വിലയിരുത്തി പ്രതിയെ ശിക്ഷിച്ച നടപടി റദ്ദാക്കി, കുറ്റവിമുക്തനാക്കി ഹക്കീമിനെ വെറുതെ വിടുകയായിരുന്നു. വിചാരണക്കോടതി ശിക്ഷിച്ചതിനെതിരേ അബ്ദുൾ ഹക്കിം ഹൈക്കോടതിയിൽ അപ്പീൽ നൽകിയെങ്കിലും അഭിഭാഷകനെ ചുമതലപ്പെടുത്താത്തിനാൽ ഹൈക്കോടതി നിയോഗിച്ച അഡ്വ. താരീഖ് അൻവർ ആണ് ഹർജിക്കാരന് വേണ്ടി ഹാജരായത്.
