ഡോറ അസറിയ ക്രിപ്‌സി എന്ന സ്ത്രീയുടെ 10 സെന്റ് സ്ഥലവും വീടുമാണ് വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തു വിറ്റത്. കേസിലെ ഒന്നാം പ്രതി കൊല്ലം സ്വദേശി മെറിന്‍ ജേക്കബ് (27)ആണ്. യുഎസിലുള്ള ഡോറ അസറിയ ക്രിപ്‌സിന്റെ വളര്‍ത്തു പുത്രിയാണ് മെറിന്‍ എന്നു സ്ഥാപിച്ചാണ് വീടും വസ്തുവും മെറിന്റെ പേരിലേക്കു മാറ്റിയതും പിന്നീട് ചന്ദ്രസേനന്‍ എന്നയാള്‍ക്ക് ഒന്നരക്കോടി രൂപയ്ക്ക് വിറ്റതും. 22 വര്‍ഷം മുന്‍പ് നാട്ടില്‍ വന്നുപോയ ഡോറയ്ക്ക് മെറിന്‍ ആരെന്നു പോലും അറിയില്ല. സ്ഥിരമായി വസ്തു ഇടപാടുകള്‍ക്ക് ശാസ്തമംഗലം സബ് രജിസ്ട്രാര്‍ ഓഫീസില്‍ എത്തിയിരുന്ന അനന്തപുരി മണികണ്ഠന്റെ സ്വാധീനമാണ് തട്ടിപ്പ് സാധ്യമാക്കിയതെന്ന് പൊലീസ് കരുതുന്നു.
advertisement
ഇതും വായിക്കുക: വിദേശത്തുള്ള ഉടമസ്ഥയുടെ സാദൃശ്യമുള്ള സ്ത്രീയെ ഉപയോഗിച്ച് വീടും വസ്തുവും തട്ടിയെടുത്ത കേസിലെ സൂത്രധാരൻ ഒളിവിൽ
വസ്തുവിന്റെ മുന്നാധാരം വ്യാജമായി ഉണ്ടാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ആധാരം എഴുതിയതും രേഖകള്‍ തയാറാക്കിയതും മണികണ്ഠനാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മണികണ്ഠന്‍ ആറ്റുകാല്‍ വാർഡിൽ മത്സരിച്ചിരുന്നു. പൊലീസ് ഇന്നലെ മെറിനെ മണികണ്ഠന്റെ ഓഫീസില്‍ എത്തിച്ചു പരിശോധന നടത്തിയിരുന്നു. മണികണ്ഠനും ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട വലിയൊരു ലോബി തട്ടിപ്പിനു പിന്നില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്.
ഡോറയുടെ മുഖസാദൃശ്യമുള്ള കരകുളം മരുതൂര്‍ ചീനിവിള പാലയ്ക്കാടു വീട്ടില്‍ വസന്തയെ ഡോറയെന്ന മട്ടില്‍ എത്തിച്ച് മെറിന്റെ പേരിലേക്ക് വസ്തു കൈമാറ്റം നടത്തിയതും ഈ ആധാരം എഴുതി നല്‍കിയതും മണികണ്ഠന്‍ ആണെന്നു പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രേഖകള്‍ തയാറാക്കിയ അഭിഭാഷകനും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് പൊലീസ് നിഗമനം. വസ്തുവിന്റെ മേല്‍നോട്ടത്തിന് ഡോറ ചുമതലപ്പെടുത്തിയിരുന്ന കെയര്‍ടേക്കര്‍ കരം അടയ്ക്കാനെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. യുഎസിലുള്ള ഡോറ അറിയാതെ വീടും സ്ഥലവും രജിസ്ട്രേഷന്‍ നടത്തിയത് ജനുവരിയിലാണ്.
ഇതും വായിക്കുക: ഉടമസ്ഥയുടെ സാദൃശ്യമുള്ള സ്ത്രീയെ ഉപയോഗിച്ച് തിരുവനന്തപുരത്ത് വീടും വസ്തുവും തട്ടിയെടുത്ത രണ്ടു സ്ത്രീകൾ പിടിയിൽ
ജോലി ചെയ്യുന്ന സ്വകാര്യസ്ഥാപനത്തില്‍വച്ചു പരിചയപ്പെട്ട സുഹൃത്താണ് മെറിനെ തട്ടിപ്പു സംഘത്തിലേക്ക് എത്തിച്ചത്. തട്ടിപ്പിനായി മെറിന്റെ ആധാര്‍ കാര്‍ഡ് വ്യാജമായി ഉണ്ടാക്കിയിരുന്നു. ആധാര്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് മെറിന്‍ പിടിയിലായത്. വ്യാജ പ്രമാണം, വ്യാജ ആധാര്‍ കാര്‍ഡ് എന്നിവ മ്യൂസിയം പൊലീസ് കണ്ടെത്തി. രജിസ്ട്രാര്‍ ഓഫീസിലെ രേഖകള്‍ പരിശോധിക്കുകയും ചെയ്തു. തുടര്‍ന്ന് ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്താല്‍ വിരലടയാളങ്ങള്‍ പരിശോധിച്ചു പ്രതികളിലേക്ക് എത്തുകയായിരുന്നു.