അഖില്‍ അക്തറിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താൽ ഒരാളുടെ മേലുള്ള കുറ്റം തെളിയിക്കപ്പെട്ടതായി അര്‍ത്ഥമാക്കുന്നില്ലെന്ന് മുസ്തഫ പറഞ്ഞു. കൊലപാതകം, ക്രിമിനൽ ഗൂഢാലോചന എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
"എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം യഥാര്‍ത്ഥ അന്വേഷണം തുടങ്ങും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ സത്യം പുറത്തുവരും," മുസ്തഫ പറഞ്ഞു. അഖിലിന്റേത് സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. പിന്നീടാണ് കൊലപാതകമാണെന്ന ആരോപണം ഉയര്‍ന്നത്. തന്റെ ഭാര്യയുമായി പിതാവിന് അവിഹിതബന്ധമുണ്ടെന്നും അമ്മയും സഹോദരിയും തന്നെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുന്നുണ്ടെന്നും മരണത്തിന് മുമ്പ് പങ്കുവെച്ച വീഡിയോയില്‍ അഖില്‍ അക്തര്‍ ആരോപിച്ചിരുന്നു.
advertisement
ഹരിയാനയിലെ പഞ്ച്കുളയില്‍ സെക്ടര്‍ 4ലെ വീട്ടില്‍ അഖിലിനെ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണം പോലീസ് ആദ്യം തള്ളിക്കളഞ്ഞിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് കൈമാറി. തുടര്‍ന്ന് അന്ത്യകര്‍മങ്ങള്‍ നടത്തുകയും ചെയ്തു.
പിന്നാലെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിന്നീട് നിരവധി പോസ്റ്റുകളും വീഡിയോകളും പുറത്തുവന്നു. പഞ്ചാബിലെ മലേര്‍കോട്‌ല നിവാസിയായ ഷംസുദീന്‍ ചൗധരി പോലീസിൽ പരാതി നല്‍കി.
തുടര്‍ന്ന് മുസ്തഫ, ഭാര്യ സുല്‍ത്താന, അവരുടെ മകള്‍, മരുമകള്‍ എന്നിവര്‍ക്കെതിരേ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
"പോലീസിന് രേഖാമൂലമുള്ള പരാതി ലഭിച്ചാല്‍ ആ പരാതിയില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് പോലീസിന്റെ കടമയാണ്. പഞ്ച്കുള പോലീസ് ആ കടമ നിര്‍വഹിച്ചു. ഞാന്‍ അതിനെ സ്വാഗതം ചെയ്യുന്നു," മുസ്തഫ പറഞ്ഞു.
2021ലാണ് മുസ്തഫ പഞ്ചാബ് പോലീസില്‍ നിന്ന് വിരമിച്ചത്. ഇതിന് ശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇയാളുടെ ഭാര്യ റസിയ സുല്‍ത്താന മലേര്‍കോട്‌ലയില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്.
രാഷ്ട്രീയ പകപോക്കലാണ് തനിക്കെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് മുസ്തഫ ആരോപിച്ചു. അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തവരും നിയമനടപടി നേരിടേണ്ടി വരുമെന്നും മുസ്തഫ കൂട്ടിച്ചേര്‍ത്തു. "ഞങ്ങളുടെ ഇളയ മകന്റെ മരണവുമായി ബന്ധപ്പെട്ട് ഞങ്ങളെല്ലാവരും അതീവ ദുഃഖത്തിലാണെന്നത് സത്യമാണ്. എന്നാല്‍, വൃത്തികെട്ട രാഷ്ട്രീയവും വിലകുറഞ്ഞ ചിന്താഗതിയും പുലര്‍ത്തുന്നവരുടെ നീച പ്രവൃത്തിയെ നമുക്ക് ചെറുക്കാന്‍ കഴിയില്ലെന്ന് ഇതിന് അര്‍ത്ഥമില്ല," മുസ്തഫ പറഞ്ഞു.