രാജ്യാന്തര സ്വര്‍ണ്ണക്കടത്ത് ബിസിനസില്‍ ഇരുവരും പങ്കാളികളായിരുന്നുവെന്നാണ് ബംഗ്ലാദേശിലെ ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ജനൈദ-4ല്‍ നിന്നുള്ള എംപിയാണ് അന്‍വറുല്‍. ജനൈദയിലെ തന്നെ കോട്ട്ചന്ദ്പൂര്‍ മുനിസിപ്പാലിറ്റി മേയറുടെ ഇളയ സഹോദരമാണ് ഷഹീന്‍. അന്‍വറുലും ഷഹീനും ഇന്ത്യയിലേക്ക് സ്വര്‍ണ്ണക്കട്ടകള്‍ കടത്തിയിരുന്നതായാണ് വിവരം.
കഴിഞ്ഞ വര്‍ഷം കൂടുതല്‍ ലാഭവിഹിതം ആവശ്യപ്പെട്ട് അന്‍വറുല്‍ രംഗത്തെത്തിയതോടെയാണ് ഇരുവരും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. അന്‍വറുലിന്റെ ആവശ്യം ഷഹീന്‍ നിരസിച്ചു. എന്നാല്‍ 80 കോടിയോളം വിലവരുന്ന സ്വര്‍ണ്ണം അന്‍വറുല്‍ കൈക്കലാക്കിയ കാര്യം ഷഹീന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായത്.
advertisement
'ഷഹീന്‍ യുഎസ് പൗരനാണ്. അയാളെ പിടികൂടാന്‍ ഇന്റര്‍പോളിന്റെ സഹായം തേടും,'' ധാക്ക മെട്രോപോളിറ്റന്‍ പോലീസ് ഡിറ്റക്ടീവ് ബ്രാഞ്ച് മേധാവി മുഹമ്മദ് ഹാരൂണ്‍ -ഒര്‍- റഷീദ് പറഞ്ഞു.
സ്വര്‍ണ്ണക്കടത്ത് റാക്കറ്റിലെ ചില സ്വാധീന ശക്തികള്‍ക്കും അന്‍വറുലിന്റെ കൊലപാതകത്തില്‍ പങ്കുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ബംഗ്ലാദേശ് പോലീസ് പറയുന്നു. 2014ല്‍ എംപിയായതോടെ ജനൈദ കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്തിന്റെ ഉത്തരവാദിത്തം അന്‍വറുല്‍ സ്വയം ഏറ്റെടുത്തു. സ്വര്‍ണ്ണക്കടത്തില്‍ പങ്കാളികളായിരുന്ന ജെസ്സോറിലെ ഒരു രാഷ്ട്രീയ നേതാവിനെയും ജനൈദയിലെ രണ്ട് ബിസിനസുകാരെയും അന്‍വാറുല്‍ ഒഴിവാക്കുകയും ചെയ്തു. ഇവരും കൊലപാതകത്തില്‍ ഷഹീനെ സഹായിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലീസ് പറഞ്ഞു.
ഈ വര്‍ഷം ഫെബ്രുവരിയിലും ഏപ്രിലിലും അന്‍വറുലിനെ കൊല്ലാന്‍ പദ്ധതിയിട്ടിരുന്നതാണ്. ഇതിനായി ഒരു സംഘത്തെ തന്നെ ഷഹീന്‍ ഒരുക്കി. അമാനുള്ള അമാന്‍ എന്ന ഷിമുല്‍ ബുയ്യാന്‍, സെലസ്തി റഹ്‌മാന്‍, ജിഹാദ് ഹവ്‌ലാദര്‍,തന്‍വീര്‍ ബുയ്യന്‍ എന്നിവരടങ്ങുന്ന സംഘമാണ് അൻവറുലിനെ കൊലപ്പെടുത്തിയത്. സെലസ്തി റഹ്‌മാന്‍ എന്ന സ്ത്രീയാണ് ഹണിട്രാപ്പില്‍ പെടുത്തി അന്‍വറുലിനെ ന്യൂടൗണിലുള്ള ഫ്‌ളാറ്റിലെത്തിച്ചത്. അവിടെയെത്തിയ അന്‍വറുലിനെ ശ്വാസം മുട്ടിച്ച് കൊന്നത് തന്‍വീര്‍ ബുയ്യനാണ്. കശാപ്പുജോലി ചെയ്യുന്ന ജിഹാദ് ഹവ്ല്‍ദാര്‍ അന്‍വറുലിന്റെ മൃതശരീരം കഷ്ണങ്ങളാക്കി മറവുചെയ്യാന്‍ സഹായിക്കുകയും ചെയ്തു. മൃതശരീരം ഇതുവരെ പോലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
അന്‍വറുലിനെ കൊല്ലാന്‍ ഈ സംഘത്തിന് ഷഹീന്‍ 4 കോടി രൂപ വാഗ്ദാനം ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. മറ്റ് ചിലരുടെ പേരും അന്വേഷണ സംഘത്തിനു മുന്നിലെത്തിയിരുന്നു. സിയാം, ഫൈസല്‍ ഷാജി, മൊസ്താഫിസ് എന്നിവര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് പോലീസ് സംശയിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ ഇവരുടെ പങ്ക് എന്താണെന്ന് കണ്ടെത്താന്‍ പോലീസിനായിട്ടില്ല.
അനധികൃത സ്വര്‍ണ്ണ വ്യാപാരവുമായി ബന്ധപ്പെട്ട് കൊല്‍ക്കത്തയിലെ ഗോപാല്‍ ബിശ്വാസുമായി അന്‍വറുലിന് ബന്ധമുണ്ടായിരുന്നുവെന്ന് ബംഗ്ലാദേശ് പോലീസ് സംശയിക്കുന്നു. മെയ് 12ന് കൊല്‍ക്കത്തയിലെത്തിയ അന്‍വറുല്‍ ബിശ്വാസിന്റെ ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നത്. സ്വര്‍ണ്ണവ്യാപാരിയായ ബിശ്വാസ് അനധികൃത സ്വര്‍ണ്ണക്കടത്തില്‍ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി.