കോട്ടയം ഇടുക്കി ജില്ലകളുടെ അതിർത്തി മേഖലയിൽ സ്ഥിതിചെയ്യുന്ന മുപ്പത്തഞ്ചാം മൈൽ ബോയ്സ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രശ്രീകോവിൽ കുത്തിത്തുറന്ന് വിഗ്രഹത്തിലെ താലി ഉൾപ്പെടെ പതിനായിരം രൂപയുടെ സ്വർണവും കാണിക്കവഞ്ചിയിൽനിന്ന് 40000 രൂപയും മോഷ്ടിച്ച കേസിലാണ് പെരുവന്താനം പൊലീസ് ഇപ്പോൾ അറസ്റ്റ് ചെയ്തത്.
തേനി ഉത്തമപാളയം സ്വദേശിയായ ഇയാൾ ജന്മനാട്ടിൽ ‘പബ്ലിക് പ്രോസിക്യൂട്ടർ’ എന്നാണ് അറിയപ്പെട്ടിരുന്നത്. വക്കീൽ വേഷത്തിൽ നടക്കുന്നതുകൊണ്ടായിരുന്നു ഇത്. പൊലീസ് പിടികൂടുമ്പോഴും വക്കീൽ വേഷത്തിലായിരുന്നു. വിവിധ ഇടങ്ങളിൽ അഭിഭാഷകൻ എന്നനിലയിൽ ഇയാൾ നൂറിലേറെ കേസുകളിൽ ഒത്തുതീർപ്പുണ്ടാക്കിയെന്നും പൊലീസ് പറഞ്ഞു.
advertisement
പല കേസുകളും വക്കീലിനെ വയ്ക്കാതെ കോടതിയിൽ വാദിക്കാറുണ്ട്. അതിനാൽ എൽഎൽബി പഠിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു. കേരളത്തിൽ മോഷണങ്ങൾ നടത്തിയതും ജയിൽശിക്ഷ അനുഭവിച്ചതൊന്നും ബന്ധുക്കൾക്കു പോലും അറിയില്ല.
ജയിലിൽനിന്നിറങ്ങി വ്യാജ മേൽവിലാസത്തിൽ രാമകൃഷ്ണൻ എന്നപേരിൽ ആധാർകാർഡ് തരപ്പെടുത്തി. തുടർന്ന് മധുരയിൽനിന്ന് വിവാഹം കഴിച്ച് താമസിക്കുകയായിരുന്നു. തമിഴ്‌നാട്ടിൽ അഭിഭാഷകയായ ഭാര്യയുമായി വേർപിരിഞ്ഞു കഴിയുകയാണ്. അഭിഭാഷകനാണെന്നു പറഞ്ഞു കലക്ടറെ ഫോണിൽ വിളിച്ചു ഭീഷണിപ്പെടുതിയതിന് കേസുണ്ട്.
ബോയ്‌സ് എസ്റ്റേറ്റ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ മോഷണം അന്വേഷിക്കുന്നതിനിടെയാണ് സമാനമായ മോഷണങ്ങൾ ശ്രദ്ധയിൽ പെട്ടത്. ഇതോടെ പൊലീസ് മോഷണങ്ങളുടെയും രീതികൾ പരിശോധിച്ചു. സിസിടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചതോടെ പ്രതിയിലേക്കെത്താൻ എളുപ്പമായി. മുൻപു മോഷണക്കേസുകളിൽ അറസ്റ്റിലായിട്ടുള്ള രാമകൃഷ്ണൻ തന്നെ മോഷ്ടാവെന്ന് ഉറപ്പിച്ചതോടെ തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
കാണിക്കവഞ്ചി മോഷ്ടിക്കാൻ എളുപ്പമായതിനാലാണ് സ്ഥിരമായി ക്ഷേത്രങ്ങൾ ലക്ഷ്യമിട്ടത്. കൈലി ധരിച്ച് സാധാരണ വേഷത്തിലാണ് ഇയാൾ മോഷണത്തിന് എത്തുന്നത്. ഫോൺ ഉപയോഗിക്കാറില്ല. എല്ലാ മോഷണങ്ങളിലും കയ്യുറകൾ ധരിക്കും. അതിനാൽ വിരലടയാളങ്ങളും സൈബർ തെളിവുകളും ഉണ്ടാകില്ല.
കുട്ടിക്കാലത്ത് കാഞ്ഞിരപ്പള്ളി ചിറക്കടവിൽ പിതാവിനോടൊപ്പം വാടകയ്ക്കു താമസിച്ചിട്ടുള്ള ഇയാൾ 2009ലാണു ജില്ലയിൽ മോഷണങ്ങൾക്കു തുടക്കമിട്ടത്. മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പാലാ, പൊൻകുന്നം എന്നീ സ്ഥലങ്ങളിലെ കടകൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലായി 14 മോഷണങ്ങൾ നടത്തി.
തമിഴ്നാട് തഞ്ചാവൂർ, തേനി ജില്ലകളിലായി 13 മോഷണക്കേസുകളിലും ഇയാൾ പ്രതിയാണ്. തേനി കളക്ടറെ ഭീഷണിപ്പെടുത്തിയെന്ന കേസുമുണ്ട്. ഇടുക്കി ജില്ലയിലെ പാമ്പനാർ, കോട്ടയം ജില്ലയിലെ രാമപുരം, എരുമേലി, മുക്കൂട്ടുതറ, എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിലും മോഷണം നടത്തിയെന്ന് ഇയാൾ മൊഴി നൽകി.പാലാ മേലമ്പാറ ധർമ്മശാസ്താ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്ടിച്ചതും ഇയാളാണെന്ന് പോലീസ് പറഞ്ഞു. മോഷ്ടിച്ച മൂന്നുപവൻ സ്വർണമാലയും പോലീസ് കണ്ടെത്തി.
പെരുവന്താനം എസ്എച്ച്ഒ തൃദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ എസ്ഐ എം.ആർ.സതീഷ്, എഎസ്ഐ സുബൈർ, സിപിഒമാരായ സുനീഷ് എസ്.നായർ, തോമസ് എന്നിവരടങ്ങുന്ന സംഘമാണു കേസ് അന്വേഷിച്ചത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങി.