പെരുമ്പായിക്കാട് സ്വദേശിയിൽ നിന്നും 26 ലക്ഷം രൂപ തട്ടിയെടുത്തു എന്ന കേസിലാണ് പോലീസ് നടപടി. വിദേശത്ത് രണ്ട് ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. മുക്കം നെടുങ്ങാട് ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു എന്ന് പൊലീസ് പറയുന്നു. പോലീസ് നേരത്തെ പലതവണ ഇയാളെ കസ്റ്റഡിയിലെടുക്കാൻ നീക്കം നടത്തിയിരുന്നു. മാന്നാറിൽ അടക്കം ഇയാളെ പിടികൂടാനായി എത്തിയിരുന്നു എങ്കിലും പോലീസ് എത്തുന്നതിന് തൊട്ടുമുമ്പ് ഇയാൾ രക്ഷപ്പെടുകയായിരുന്നു.
മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഇയാളെ പിടികൂടാനായത് എന്ന് ഗാന്ധിനഗർ സി ഐ സുരേഷ് വി നായർ പറഞ്ഞു. സംസ്ഥാനത്തെ വിവിധ ഇടങ്ങളിൽ ഇയാൾ തട്ടിപ്പ് നടത്തിയതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. റാന്നി, മാന്നാർ തുടങ്ങി വിവിധ സ്ഥലങ്ങളിൽ നിന്നായി ഇയാൾ ഒന്നര കോടി രൂപ ആളുകളെ പറ്റിച്ച് വാങ്ങിയതായി ആണ് വിവരം. ഇയാൾ പലയിടങ്ങളിലും മാറി മാറി താമസിച്ചു വരികയായിരുന്നു എന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു. അർത്തുങ്കൽ തിരുവല്ല ചങ്ങനാശ്ശേരി തുടങ്ങിയ പ്രദേശങ്ങളിൽ ഇയാൾ താമസിച്ചിരുന്നു. ഏറ്റവും ഒടുവിലാണ് മുക്കത്ത് ഇയാൾ താമസം തുടങ്ങിയത്.
advertisement
മുക്കത്ത് എത്തിയ വിവരം അനുസരിച്ച് നേരത്തെയും പൊലീസ് അവിടെയെത്തി പിടികൂടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇയാൾ താമസിച്ചിരുന്ന സ്ഥലം കണ്ടെത്താനായിരുന്നില്ല. ഇന്നലെ ടവർ ഡമ്പിങ് നടത്തിയാണ് ഇയാൾ താമസിച്ച വീട് കണ്ടെത്താനായത് എന്ന് പോലീസ് പറഞ്ഞു. സമീപവാസികളും ആയി കാര്യമായ അടുപ്പം പുലർത്തിയിരുന്നില്ല. ഇന്നലെ പൊലീസെത്തി ഇയാളെ പിടികൂടിയപ്പോഴാണ് നാട്ടുകാർക്കും ഇയാൾ തട്ടിപ്പുകാരൻ ആണ് എന്ന് ബോധ്യമായത്.
വിദേശത്ത് എണ്ണ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു റോണി തോമസ്. മറ്റൊരാളുടെ ഭാര്യക്കൊപ്പം ആണ് ഇയാൾ കോഴിക്കോട് മുക്കത്ത് താമസിച്ചു വരുന്നത്. പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ ഇയാളുടെ അക്കൗണ്ടിലേക്ക് 80 ലക്ഷം രൂപ വന്നിട്ടുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്. വിവിധ ആളുകളുടെ പരാതി അനുസരിച്ച് ഒന്നര കോടി രൂപ ഇയാൾ തട്ടിപ്പിലൂടെ സമ്പാദിച്ചിട്ടുണ്ട് എന്നാണ് വിവരം. എന്നാൽ രേഖാമൂലം പണം നൽകാത്തത് മൂലം പലരും ഔദ്യോഗികമായി പരാതി നൽകാൻ തയ്യാറായിട്ടില്ല. ഇയാൾ നടത്തിയ തട്ടിപ്പിന്റെ ആഴം ഇതിലും കൂടുമെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ഗൾഫിൽ രണ്ടുലക്ഷം രൂപ ശമ്പളത്തിൽ ആണ് ഇയാൾ എണ്ണ കമ്പനിയിൽ ജോലി ചെയ്തിരുന്നത്. ഗൾഫിൽ ഇരുന്ന് തന്നെയായിരുന്നു ആദ്യം തട്ടിപ്പു നടത്തിയത്. പോലീസിനെ പലതവണ സമൃദ്ധമായി ഇയാൾ കബളിപ്പിച്ചു. ഗാന്ധിനഗർ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി. ഗാന്ധിനഗർ സി ഐ സുരേഷ് വി നായർ, എസ് ഐ അരവിന്ദ് കുമാർ, രാജേഷ് ഖന്ന, സിവിൽ പോലീസ് ഓഫീസർ പ്രവീണ എന്നിവർ ആണ് ഇയാളെ തന്ത്രപൂർവ്വം കോഴിക്കോട് മുക്കത്ത് നിന്നും പിടികൂടിയത്.