2024 ഓഗസ്റ്റ് 4-ന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യത്തിന് അടിമയായ അശോക് വീടിനു പുറത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അമ്മ രാമക്കയെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരിന്നു. എതിർത്തതോടെ പ്രകോപിതനായ പ്രതി അമ്മയുടെ മുഖത്ത് അടിക്കുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയും ചെയ്തു. ആക്രമണത്തിൽ രാമക്കയുടെ ചെവിയിൽ നിന്ന് രക്തസ്രാവം ഉണ്ടായി. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻതന്നെ ഗുഡിബന്ദെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാമക്ക നൽകിയ മൊഴിയാണ് കേസിൽ നിർണായകമായത്.
advertisement
സംഭവത്തിൽ ഗുഡിബന്ദെ പോലീസ് ഐ.പി.സി. (ബി.എൻ.എസ്.-2023) സെക്ഷൻ 64 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എസ്.പി. കുശാൽ ചൗക്സിയുടെയും ഡി.വൈ.എസ്.പി. ശിവകുമാറിന്റെയും നേതൃത്വത്തിൽ ഇൻസ്പെക്ടർ നയാസ് ബേഗാണ് അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. തെളിവുകൾ വിശദമായി പരിശോധിച്ച ശേഷം, ഒന്നാം അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് കോടതിയിലെ ജഡ്ജി എസ്.വി. കാന്തരാജു പ്രതിയായ അശോക് കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2023-ലെ ഭാരതീയ ന്യായ സംഹിത (BNS) പ്രകാരം പ്രതിക്ക് ജീവപര്യന്തം തടവും പിഴയും വിധിച്ച് ഉത്തരവിട്ടു.
