TRENDING:

16 കോടിയുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പണത്തിന്റെ 90% ചെലവഴിച്ചത് ക്രിപ്‌റ്റോ, ഗെയിമിംഗ്, വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളില്‍

Last Updated:

ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുടെ കെണിയില്‍ അയാള്‍ അകപ്പെട്ടതായും ഓരോ തവണയും കൂടുതല്‍ നഷ്ടം ഇതില്‍ നേരിട്ടതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
മുംബൈയില്‍ പൊതുമേഖലാ ബാങ്കിലെ 127 ഉപഭോക്തൃ അക്കൗണ്ടുകളില്‍ നിന്നായി 16.10 കോടി രൂപ തട്ടിയെടുത്ത കേസില്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പിടികൂടിയത് കഴിഞ്ഞയാഴ്ചയാണ്. 32-കാരനായ ഹിതേഷ് സിംഗ്ലയാണ് വിവിധ ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നായി 16 കോടി രൂപയിലധികം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് കണ്ടുപിടിച്ചതിനു പിന്നാലെ ഇയാളെ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഒളിവില്‍ പോയ സിംഗ്ലയെ കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ ഓടുന്ന ട്രെയിനില്‍ നിന്നാണ് ഇഡി പിടികൂടിയത്.
ഹിതേഷ് സിംഗ്ല
ഹിതേഷ് സിംഗ്ല
advertisement

എന്നാല്‍ ഇയാളെ പിടികൂടുമ്പോഴേക്കും തട്ടിപ്പിലൂടെ സമ്പാദിച്ച പണം മുഴുവനായും ചെലവഴിച്ചിരുന്നു. ഉപഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നിന്നും തട്ടിയെടുത്ത പണത്തിന്റെ 90 ശതമാനത്തോളം സിംഗ്ല ഓഹരി വിപണിയിലും ക്രിപ്‌റ്റോ ടോക്കണുകള്‍, ഓണ്‍ലൈന്‍ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകള്‍ എന്നിവയിലൂടെയും ചെലവഴിച്ചതായി ഇഡി വെളിപ്പെടുത്തി. ബാക്കി തുക വ്യക്തിഗത ചെലവുകള്‍ക്കായി വിനിയോഗിച്ചതായും ഒരു ഇഡി  ഉദ്യോഗസ്ഥന്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചെടുക്കാനും ഇരയായ ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് തിരിച്ചുകിട്ടുമെന്ന് കരുതാനും വളരെ ചെറിയ തുക മാത്രമേ അവശേഷിക്കുന്നുള്ളൂവെന്ന് ഈ വെളിപ്പെടുത്തല്‍ വ്യക്തമാക്കുന്നു.

advertisement

ഓഹരി വിപണിയില്‍ ഫ്യൂച്ചര്‍, ഓപ്ഷന്‍സ് വ്യാപാരങ്ങളില്‍ നിന്നായി സിംഗ്ലയ്ക്ക് പരമാവധി തുക നഷ്ടപ്പെട്ടതായി ഇഡി അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. ഉയര്‍ന്ന ലാഭനേട്ടത്തിന്റെ സ്വപ്‌നങ്ങളുമായി നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍ കുപ്രസിദ്ധി നേടിയ ഈ വിഭാഗം പലപ്പോഴും നഷ്ടത്തില്‍ അവസാനിച്ചു. തട്ടിപ്പ് നടത്തിയ തുകയുടെ ഒരു വിഹിതം സിംഗ്ല ക്രിപ്‌റ്റോ ട്രേഡിംഗിലും ഓണ്‍ലൈന്‍ ഗെയിമിംഗ്-ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകളിലും പാഴാക്കി കളഞ്ഞതായാണ് കണ്ടെത്തല്‍.

ആദ്യം 1.5 കോടി രൂപ മുംബൈയില്‍ ഒരു വനിതാ സുഹൃത്തിനെ സിംഗ്ല സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചിരുന്നു. ഇതും പിന്നീട് ഓണ്‍ലൈന്‍ ഗെയിമിംഗിലും വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളിലുമായി നഷ്ടപ്പെടുത്തി. കഴിഞ്ഞയാഴ്ച ഇഡി ഉദ്യോഗസ്ഥര്‍ ഈ വനിതാ സുഹൃത്തിന്റെ വസതിയിലും പരിശോധന നടത്തിയിരുന്നു. എന്നാല്‍, അപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു. ഓണ്‍ലൈന്‍ ചൂതാട്ടങ്ങളുടെ കെണിയില്‍ അയാള്‍ അകപ്പെട്ടതായും ഓരോ തവണയും കൂടുതല്‍ നഷ്ടം ഇതില്‍ നേരിട്ടതായും ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

advertisement

സിംഗ്ലയുടെ ചൂതാട്ട രീതി ഒരു ക്ലാസിക് ആസക്തി പോലെയായിരുന്നുവെന്നാണ് ഇഡി പറയുന്നത്. പ്രാരംഭത്തിലെ നേട്ടങ്ങള്‍ അപകടകരമായ അവസ്ഥയിലേക്ക് ആകര്‍ഷിച്ചു. പിന്നീട് നഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ കൂടുതല്‍ പണം ഒഴുക്കിയതായും ഒടുവില്‍ എല്ലാം നഷ്ടമായെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

2023 മേയ് മുതലാണ് ഇയാള്‍ തട്ടിപ്പ് ആരംഭിച്ചതെന്നും ഈ വര്‍ഷം ജൂലായ് വരെ അത് തുടര്‍ന്നിരുന്നുവെന്നും ഇഡി പറയുന്നു. ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ബാന്ദ്ര ശാഖയിലെ ഉദ്യോഗസ്ഥനായിരുന്നു സിംഗ്ല. ഉപഭോക്താക്കളുടെ സ്ഥിര നിക്ഷേപങ്ങള്‍, പബ്ലിക് പ്രൊവിഡന്റ് ഫണ്ടുകള്‍ (പിപിഎഫ്), മുതിര്‍ന്ന പൗരന്മാരുടെ സേവിംഗ്‌സ് സ്‌കീമുകള്‍, ഡോര്‍മന്റ് അക്കൗണ്ടുകള്‍ എന്നിവയില്‍ കൃത്രിമം കാണിച്ചതായാണ് ഇയാള്‍ക്കെതിരെയുള്ള ആരോപണം.

advertisement

ദുര്‍ബല വിഭാഗത്തിലുള്ള ആളുകളുടെ അക്കൗണ്ടുകളില്‍ നിന്നാണ് സിംഗ്ല പണം തട്ടിയത്. പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാരുടെയും കുട്ടികളുടെയും മരണപ്പെട്ടവരുടെയും അക്കൗണ്ടുകളില്‍ നിന്നായി പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി. ഈ അക്കൗണ്ടുകള്‍ ഇടയ്ക്കിടെ നിരീക്ഷിക്കാത്തതിനാല്‍ രണ്ട് വര്‍ഷത്തോളം പിടിക്കപ്പെടാതെ തട്ടിപ്പ് നടത്താന്‍ സിംഗ്ലയ്ക്ക് കഴിഞ്ഞു.

ഈ വര്‍ഷം ആദ്യം മുതല്‍ സിംഗ്ല ജോലിക്ക് ഹാജരാകാതിരുന്നതോടെയാണ് ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ബാങ്ക് സിബിഐയെ സമീപിച്ചു. ഓഗസ്റ്റ് ആറിന് മുംബൈയിലെ സിബിഐയുടെ അഴിമതി വരുദ്ധ വിഭാഗം സിംഗ്ലയ്ക്കും മറ്റ് കൂട്ടാളികള്‍ക്കുമെതിരെ ഐപിസി, ഭാരതീയ ന്യായ സംഹിത, അഴിമതി നിരോധന നിയമം എന്നിവ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് വ്യാപകമായി റെയിഡ് നടത്തി. ആഴ്ചകളോളം സിംഗ്ല ഒളിവിൽ കഴിഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ സ്ഥലങ്ങള്‍ മാറി മാറി യാത്ര ചെയ്തു. ഒടുവില്‍ ഗുജറാത്തില്‍ നിന്നും ഇഡി ഇയാളെ പിടികൂടി.

advertisement

അറസ്റ്റിനുശേഷം സിംഗ്ലയെ മുംബൈയിലെ ഒരു പ്രത്യേക പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി. ഒക്ടോബര്‍ 7 വരെ അദ്ദേഹം ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

മലയാളം വാർത്തകൾ/ വാർത്ത/Crime/
16 കോടിയുടെ തട്ടിപ്പ് നടത്തിയ മുന്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പണത്തിന്റെ 90% ചെലവഴിച്ചത് ക്രിപ്‌റ്റോ, ഗെയിമിംഗ്, വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളില്‍
Open in App
Home
Video
Impact Shorts
Web Stories