കഴിഞ്ഞ ജൂലൈ 28-ന് പിജിഡിഎം 2023 ബാച്ചിലെ ഒരു വിദ്യാർത്ഥി സ്ഥാപനത്തിന് നൽകിയ പരാതിക്കു പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. വ്യോമസേനയിലെ മുതിർന്ന ഉദ്യോഗസ്ഥ അയച്ച ഇ–മെയിൽ സന്ദേശമാണ് ചൈതന്യാനന്ദയ്‌ക്കെതിരെ പോലീസിൽ പരാതി നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് അധികൃതരെ പ്രേരിപ്പിച്ചത്. വ്യോമസേനയിലെ ഉദ്യോഗസ്ഥരുടെ മക്കളും ബന്ധുക്കളും ഈ സ്ഥാപനത്തിൽ പഠിച്ചിരുന്നു. ഓഗസ്റ്റ് ഒന്നിന് ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള ഉദ്യോഗസ്ഥ മെയിൽ അയച്ചതിനു തൊട്ടുപിന്നാലെ, ഓഗസ്റ്റ് 3-ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പുതിയതായി രൂപീകരിച്ച ഗവേണിങ് കൗൺസിലിന്റെ നേതൃത്വത്തിൽ 30 വിദ്യാർഥികളുമായി വെർച്വൽ കൂടിക്കാഴ്ച നടത്തി. ഈ കൂടിക്കാഴ്ചയിലാണ് പീഡനവിവരം ഉൾപ്പെടെ ഞെട്ടിക്കുന്ന കാര്യങ്ങൾ കുട്ടികൾ പങ്കുവെച്ചത്.
advertisement
ഈ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഓഗസ്റ്റ് 4-ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ പോലീസിൽ പരാതി നൽകിയത്. ഹോസ്റ്റലിൽ പെൺകുട്ടികളുടെ ശുചിമുറികളുടെ മുന്നിൽ രഹസ്യ ക്യാമറകൾ സ്ഥാപിച്ചിരുന്നുവെന്നും ഇതിലെ ദൃശ്യങ്ങൾ സ്വാമിയുടെ ഫോണിലും ലഭ്യമായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൂടാതെ, വിദ്യാർഥികൾക്ക് അയക്കുന്ന മെസേജുകളുടെ സ്ക്രീൻഷോട്ട് എടുക്കാതിരിക്കാൻ സ്വാമിയുടെ അടുത്ത ആളുകൾ കുട്ടികളുടെ ഫോണുകൾ ഇടയ്ക്കിടെ വാങ്ങി പരിശോധിച്ചിരുന്നു. അൻപതിലേറെ വിദ്യാർഥികളുടെ ഫോണുകൾ പോലീസ് ഫൊറൻസിക് വിഭാഗത്തിന് കൈമാറിയിട്ടുണ്ട്. രാത്രികളിൽ ചൈതന്യാനന്ദയുടെ താമസസ്ഥലത്തേക്ക് പോകാൻ പാവപ്പെട്ട പെൺകുട്ടികള്‍ക്കു മേൽ വനിതാ ജീവനക്കാർ ഉൾപ്പെടെ സമ്മർദം ചെലുത്തിയതായും എഫ്ഐആറിൽ പറയുന്നു. പ്രതിഷേധിച്ച വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചില്ലെന്നും കുട്ടികൾ മൊഴി നൽകിയിട്ടുണ്ട്.