ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ശശിധരൻ നമ്പ്യാരാണ് തട്ടിപ്പിനിരയായത്. കേസിൽ ഇനി 6 പേരെക്കൂടി പിടികിട്ടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചാൽ വൻ ലാഭമുണ്ടാക്കാമെന്ന് വാഗ്ദാനം ചെയ്താണ് ജഡ്ജിയെ ഇവർ തട്ടിപ്പിനിരയാക്കിയത്. ഡിസംബർ 4 മുതൽ 30 വരെ ജഡ്ജിയുടെ വിവിധ അക്കൌണ്ടൽ നിന്ന് ഇവർ പണം കൈപ്പറ്റിയിരുന്നു.കഴിഞ്ഞ ഡിസംബറിൽ ഹിൽ പാലസ് പോലീസിലാണ് പരാതി നൽകിയത്. തുടർന്ന് സിറ്റി സൈബർ സെല്ലിന് കേസ് കൈമാറുകയായിരുന്നു. വിവിധ സംസ്ഥാനങ്ങലിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ തട്ടിയെടുത്ത പണം എത്തിയത് തലശേരിയിലുള്ള ഒരു ബാങ്ക് അക്കൌണ്ടിലാണെന്ന് പൊലീസ് കണ്ടെത്തി.അക്കൌണ്ടെടുക്കാനുപയോഗിച്ച മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് കോഴിക്കോട് പാറക്കടവ് ഭാഗത്താണ്. തുടർന്ന് പൊലീസ് ഇവിടെയെത്തി രണ്ട് പ്രതികളെയും ഇവരിലൂടെ മൂന്നാമനെയും പിടികൂടുകയായിരുന്നു
advertisement
ആദിത്യ ബിർള ഇക്വിറ്റി ലേണിങ് എന്ന വാട്സാപ് ഗ്രൂപ്പിൽ അംഗമാക്കിയാണ് ജഡ്ജിയിൽ നിന്ന് പണം തട്ടിയത്. തട്ടിയെടുത്ത 90 ലക്ഷം രൂപയിൽ 30 ലക്ഷം പിടിയിലായ പ്രതികളുടെ ബാങ്ക് അക്കൌണ്ടിലെത്തിയെന്നും ഇത് പിന്നീട് പ്രതികൾ പിൻവലിച്ചതായും പൊലീസ് കണ്ടെത്തി. തട്ടിപ്പിലൂടെ ലഭിച്ച പണം ക്രിപ്റ്റോ കറൺസിയായും ഡോളർ കൺവെർഷനിലൂടെയുമ വിദേശ നിക്ഷേപമാക്കുകയാണ് പ്രതികൾ ചെയ്തത്. രാജ്യത്തെ 280 ബാങ്ക് അക്കൌണ്ടുകൾ വഴി 311 ഇടപാടുകൾ ഈ കേസുമായി ബന്ധപ്പെട്ട് നടന്നതായി പൊലീസ് കണ്ടെത്തി. നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൂടുതൽ വിവരങ്ങൾ ലഭ്യമായത്. പ്രതികളുപയോഗിച്ച ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ല അന്വേഷണത്തിൽ കമ്പോഡിയ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടക്കുന്നതെന്ന് പൊലീസിന് വ്യക്തമായി.