നാട്ടുകാരുടെ നേതൃത്വത്തിലുള്ള പുഴ സംരക്ഷണ സമിതിയാണ് കറണ്ട് ഉപയോഗിച്ച് മീൻപിടിച്ച മൂന്നുപേരെ പിടികൂടിയത്. ഇവരെ പിന്നീട് പൊലീസിന് കൈമാറി. സംഭവത്തിൽ കെഎസ്ഇബി 11875 രൂപ പിഴ ഈടാക്കി. വാണിയപ്പാറ സ്വദേശികളായ ബിനോയി, സുബിൻ, അഭിലാഷ് എന്നിവരിൽ നിന്നാണ് കെഎസ്ഇബി ഇരിട്ടി സബ് ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ എസ്.അൽക്കാസ് പിഴ ചുമത്തിയത്.
ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് മീൻപിടിത്ത സംഘത്തെ നാട്ടുകാർ പിടികൂടിയത്. ബാരാപോൾ ജലവൈദ്യുതി പദ്ധതി പ്രവർത്തിപ്പിക്കുന്ന പുഴയിൽ പാലത്തിൻകടവിലെ ട്രഞ്ച് വിയറിനു മുകൾ ഭാഗത്താണ് വൈദ്യുതി പ്രവഹിപ്പിച്ച് മീൻ പിടിച്ചത്. വൈദ്യുതി ലൈനിൽ വയർ ഘടിപ്പിച്ചു പുഴയിലേക്കു നേരെ വൈദ്യുതി കടത്തിവിട്ടായിരുന്നു മീൻപിടിത്തം.
advertisement
Also Read- പുതിയതായി വാങ്ങിയ ലാപ്ടോപ്പിന് തകരാർ; 48600 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃ കോടതി
സംഘത്തെ നാട്ടുകാർ തടഞ്ഞുവെക്കുകയും കെഎസ്ഇബി അധികൃതരെയും പൊലീസിനെയും വിവരം അറിയിച്ചു. തുടർന്ന് സ്ഥലത്തെത്തിയ വള്ളിത്തോട് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ ഇ. ജെ.മേരിയുടെ നേതൃത്വത്തിൽ വൈദ്യുതി വകുപ്പ് ജീവനക്കാരും ഇരിട്ടി പൊലീസും ചേർന്നാണ് നടപടി എടുത്തത്.
ബാരാപോൾ പുഴയിൽ അനധികൃത മീൻപിടിത്തം നടക്കുന്നതായി ഏറെക്കാലമായി പരാതിയുണ്ട്. നഞ്ച് കലക്കിയുള്ള മീൻപിടിത്തത്തിനെതിരെ നേരത്തെയും നാട്ടുകാർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
