തൃശൂർ: പുതിയതായി വാങ്ങിയ ലാപ്ടോപപ്പിന് ഉപയോഗിക്കാനാകാത്തവിധം തകരാർ കണ്ടെത്തിയതോടെ 48,600 രൂപ നഷ്ടപരിഹാരം വിധിച്ച് ഉപഭോക്തൃകോടതി. ചാലക്കുടി കാഞ്ഞിരപ്പിള്ളി തീത്തായിൽ വീട്ടിൽ വിപിൻ വർഗീസ് ഫയൽ ചെയ്ത ഹർജിയിലാണ് കോടതി വിധി.
കൊച്ചി രവിപുരത്തെ ബ്രൈറ്റ് സൺ കംപ്യൂട്ടേഴ്‌സ്, കടവന്ത്രയിലുള്ള ലാപ്ടോപ്പ് ബ്രാൻഡിന്‍റെ അംഗീകൃത സർവീസ് സെന്റർ ഉടമകൾ, ബംഗളൂരുവിലെ ലാപ്ടോപ്പ് ബ്രാൻഡിന്‍റെ മാനേജിങ് ഡയറക്ടർക്കുമെതിരെയുള്ള കേസിലാണ് കോടതി വിധി.
31,800 രൂപ നൽകിയാണ് വിപിൻ വർഗീസ് ലാപ്ടോപ്പ് വാങ്ങിയയത്. വീട്ടിലെത്തി ഉപയോഗിക്കാനായി എടുത്തപ്പോൾ ലാപ്ടോപ്പിന്‍റെ കീപാഡ് തകരാറാണെന്ന് കണ്ടെത്തി. സർവീസ് സെന്‍ററിൽ നൽകി താൽക്കാലികമായി തകരാർ പരിഹരിച്ചെങ്കിലും വീണ്ടും കേടായി. വൈകാതെ സ്ക്രീനും തകരാറിലായി.
ഇതോടെ വീണ്ടും ലാപ്ടോപ് ബ്രാൻഡിന്‍റെ അംഗീകൃത സർവീസ് സെന്ററിൽ നൽകിയെങ്കിലും തകരാർ പരിഹരിച്ചു നൽകിയില്ല. തുടർന്നാണ് കോടതിയിൽ പരാതി നൽകിയത്. തെളിവുകൾ പരിഗണിച്ച പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ എസ് ശ്രീജ, ആർ റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണ് പരാതിക്കാരന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്.
ലാപ്ടോപ്പിന്റെ വിലയായ 31,800 രൂപയും 10,000 രൂപ നഷ്ടപരിഹാരവും ചെലവിലേക്ക് 5000 രൂപയും പലിശയും ഉൾപ്പടെയാണ് 48600 രൂപ നൽകാൻ വിധിച്ചത്. പരാതിക്കാരനുവേണ്ടി അഡ്വ. എ ഡി ബെന്നിയാണ്കോടതിയിൽ ഹാജരായത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.